അയ്യൻകുന്ന് വിടാതെ പുലി; വനംവകുപ്പ് പരിശോധന ശക്തമാക്കി

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിനെ മുൾമുനയിൽ നിർത്തി പുലിയുടെ സാന്നിധ്യം വീണ്ടും. തുടർച്ചയായ ദിവസങ്ങളിലാണ് മേഖലയിലെ വിവിധ ഭാഗങ്ങളിൽ പുലിയെ കാണുന്നത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ ആനപ്പന്തി പനക്കരയിലെ റബ്ബർ ടാപ്പിങ് തൊഴിലാളിയായ ഉറുമ്പിൽ ബെന്നി പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചു.
ആലപ്പാട്ട് ടൈറ്റസിന്റെ തോട്ടത്തിൽ ടാപ്പിങ്ങിനിടെയാണ് ശ്രദ്ധയിൽപ്പെട്ടത്. അല്പനേരം അനങ്ങാതെ നിന്നശേഷം സമീപത്തെ തോട്ടത്തിലേക്ക് നടന്നുപോയ പുലിയെ വ്യക്തമായി കണ്ടതായി ബെന്നി പറയുന്നു. ഹെഡ്‌ലൈറ്റിന്റെ പ്രകാശം കണ്ടതോടെ പുലി അടുത്ത തോട്ടത്തിലേക്ക് കയറിപ്പോയതായും പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, വാർഡംഗം സജി മച്ചിത്താന്നി, ഫോറസ്റ്റ് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.
കാല്പാടുകൾ കണ്ടെത്താൻ കഴിയാത്ത സഹചര്യത്തിൽ വന്യമൃഗം ഏതാണെന്ന് തിരിച്ചറിയാനായിട്ടില്ല. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലായി തുടർച്ചയായ അഞ്ചാംദിവസമാണ് വന്യമൃഗങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്.
പാലത്തിൻകടവിലും വാണിയപ്പാറ തട്ടിലും വാണിയപ്പാറ അട്ടോലി മലയിലും വാണിയപ്പാറയിൽത്തന്നെ കളിതട്ടുംപാറയിലും പുലിയെ കണ്ടിരുന്നു.
ജാഗ്രത പാലിക്കണം
ജനങ്ങൾ ജാഗ്രത പാലിക്കണം. ടാപ്പിങ് തൊഴിലാളികൾ തോട്ടത്തിൽ ഇറങ്ങും മുൻപുതന്നെ ചുറ്റുപാടുകൾ നിരീക്ഷിക്കണം
കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ
അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ്