ഹയർസെക്കൻഡറി ട്രാൻസ്ഫറിൽ അനിശ്ചിതത്വം: ആര് കടാക്ഷിക്കണം

Share our post

കണ്ണൂർ: യു.പി, ഹൈസ്കൂൾ അദ്ധ്യാപക തസ്തികകളിലേതിന് സമാനമായ ട്രാൻസ്ഫർ നടക്കാത്തത് ഹയർ സെക്കൻഡറി വിഭാഗത്തിൽ തലവേദനയാകുന്നു. കോടതി വ്യവഹാരങ്ങളിൽ പെട്ടുകിടക്കുകയോ, നടപ്പിലാകാതെ പോകുകയോ ആയ പ്രക്രിയ മാത്രമായി ഹയർസെക്കൻഡറി ട്രാൻസ്ഫർ മാറുന്നുവെന്നാണ് അദ്ധ്യാപകരുടെ പരിദേവനം.

2022 മേയിൽ കോടതി ഹയർസെക്കൻഡറി ട്രാൻസ്ഫർ സ്‌റ്റേ ചെയ്തിരുന്നു. സ്റ്റേ നീങ്ങിയതിന് ശേഷം സ്ഥലംമാറ്റ നടപടികൾ 2 മാസം കൊണ്ട് പൂർത്തികരിക്കണമെന്ന് 2023 ജൂലായ് 14ന് കോടതി വിധി വന്നു. മൂന്നു മാസത്തിന് ശേഷം ഒക്‌ടോബർ 25ന് വീണ്ടും ട്രാൻസ്ഫർ നടപടികൾ ആരംഭിച്ചു. ഡിസംബർ 17ന് ലിസ്റ്റ് തയ്യാറാക്കി. ഇതിനിടെ പരീക്ഷയ്ക്കിടയിലുള്ള ട്രാൻസ്ഫർ കുട്ടികൾക്ക് പ്രയാസം ഉണ്ടാക്കുമെന്ന് ആരോപിച്ച് ചിലർ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്.

ആയിരക്കണക്കിന് അപേക്ഷകരാണ് ട്രാൻസ്ഫറിലെ അനിശ്ചിതത്വത്തിൽ കുടുങ്ങിനിൽക്കുന്നതെന്നാണ് അദ്ധ്യാപകരുടെ വാദം. വരുന്ന ഫെബ്രുവരിയിൽ ട്രാൻസ്ഫർ നടന്നില്ലെങ്കിൽ മാർച്ചോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് പ്രിസൈഡിംഗ് ഓഫീസർ ആയി പലർക്കും ചുമതലയേൽക്കേണ്ടി വരും.നിയമിക്കപ്പെടുന്ന ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് അടുത്ത ജൂണിന് മുമ്പ് ട്രാൻസ്ഫർ ആകുന്നതിന് ഇതോടെ തടസം വരും.

പുത്തരിയല്ല ഫെബ്രുവരി ട്രാൻസ്ഫർ

ഈ മാസം 22ന് പബ്ലിക് പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങും. പാഠഭാഗങ്ങൾ തീർന്ന് സ്റ്റഡി ലീവ് തുടങ്ങുന്ന ഘട്ടമാണിത്. ട്രാൻസ്ഫർ കൃത്യമായാൽ പകരം അദ്ധ്യാപകൻ ചുമതലയേറ്റെടുക്കുകയും ചെയ്തു. അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ അടക്കം മുൻകാലങ്ങളിൽ ഫെബ്രുവരിയിൽ നടന്നിട്ടുള്ളതായും അപേക്ഷിച്ച് കാത്തുനിൽക്കുന്ന അദ്ധ്യാപകരിൽ ചിലർ പറഞ്ഞു.

പരീക്ഷാ നടത്തിപ്പിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രാപ്തമായ ഉത്തരവുകൾ വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കാറുണ്ടെന്നും അതിനാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നുമാണ് ട്രാൻസ്ഫറിന് അപേക്ഷിച്ച അദ്ധ്യാപകർ പറയുന്നത്. ഈ വർഷം പരീക്ഷാ ഡ്യൂട്ടി കിട്ടിയ അദ്ധ്യാപകർ ആ സ്കൂളിൽ ഡ്യൂട്ടി ചെയ്യണമെന്നും അതിന് ശേഷം റിലീവ് ചെയ്താൽ മതിയെന്നുമുള്ള മുൻ ഉത്തരവുകളെ ഇവർ എടുത്തുകാണിക്കുന്നുമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!