2024 ൽ വീട് പണിയാൻ പോകുന്നവരോട് ചില ഓർമപ്പെടുത്തലുകൾ

വിവാഹജീവിതത്തിൽ എന്നപോലെ വീടിനും ഒരു മധുവിധു കാലമുണ്ട്. പാലുകാച്ചൽ കഴിഞ്ഞ സമയത്ത് ‘സൂപ്പർ’ എന്നുതോന്നുന്ന പലകാര്യങ്ങളും രണ്ടുവർഷം കഴിഞ്ഞാൽ ‘തലവേദനയായല്ലോ’ എന്നുതോന്നാം. ഇത്തരത്തിൽ വീടുപണി കഴിഞ്ഞു കുറച്ചുവർഷങ്ങൾ കഴിഞ്ഞിട്ടുള്ളവർക്ക്, ‘വീട്ടിൽ ഒഴിവാക്കാമായിരുന്നു’ എന്ന് പിന്നീട് തോന്നിയ കാര്യങ്ങൾ എന്തൊക്കെയാകാം? ഓരോരുത്തരുടെയും ജീവിതരീതി പ്രകാരം പല ഉത്തരങ്ങൾ ഉണ്ടാകാം. ചില ഉദാഹരണങ്ങൾ താഴെ സൂചിപ്പിക്കുന്നു.
- മുകൾനില വേണ്ടിയിരുന്നില്ല- മക്കൾ വീട്ടിലില്ല, അതുകൊണ്ട് അവിടെ ആരും കയറുന്നില്ല. വൃത്തിയാക്കാൻ ബുദ്ധിമുട്ടുണ്ട്.
- സ്‌റ്റെയറിനു ‘മേക്കപ്പിടാൻ’ ഒരുപാട് പണം ചെലവഴിക്കേണ്ടിയിരുന്നില്ല- മധ്യവയസ്സ് കടന്നതോടെ സ്‌റ്റെയർ കാണുമ്പോൾത്തന്നെ മുട്ടുവേദന തുടങ്ങുന്നു. പകരം ലിഫ്റ്റിന് പ്ലാനിങ് ഘട്ടത്തിൽ ഇടം വകയിരുത്തേണ്ടിയിരുന്നു.
- പർഗോളകൾ വേണ്ടിയിരുന്നില്ല- ആദ്യം രസമായി തോന്നിയെങ്കിലും ഇപ്പോൾ വൃത്തിയാക്കാൻ ബുദ്ധിമുട്ടുണ്ട്.
- ഒരുപാട് കോർട്യാർഡും ഇൻഡോർ പ്ലാന്റുകളും വേണ്ടിയിരുന്നില്ല- പരിപാലനം ബുദ്ധിമുട്ടാണ്. പലതും ഉണങ്ങിപ്പോയി.
- ഓവർ ആയിട്ടുള്ള ഇന്റീരിയർ വർക്കുകൾ, എല്ലാ മുറിക്കും ബാത്റൂം, അപ്പർ ലിവിങ് തുടങ്ങിയവ വേണ്ടിയിരുന്നില്ല- വെറുതെ ചതുരശ്രയടിയും ബജറ്റും കൂടിയതല്ലാതെ ഉപയോഗിക്കുന്നില്ല.
പലപ്പോഴും ട്രെൻഡിനെ അന്ധമായി അനുകരിക്കുന്ന പ്രവണത തലമുറകളായി മലയാളികൾക്കുണ്ട്. വീടിന്റെ കാര്യത്തിലും ഇത് വില്ലനായി തുടരുന്നുണ്ട്. വരവും ചെലവും കൂട്ടിമുട്ടിക്കുക എന്ന അടിസ്ഥാന ജീവിതപാഠം വീടുപണിയിലും പ്രസക്തമാണ്.അയൽപക്കത്തേക്ക് നോക്കി വീടുപണിയാതെ, സ്വന്തം പോക്കറ്റ് നോക്കി വീട് പണിയണം. ചുറ്റുമുള്ള പല സാഹചര്യങ്ങളുടെയും സമ്മർദ്ദത്തിന് വഴങ്ങി, വലിയ തുക ലോൺ എടുത്ത് ‘എടുത്താൽ പൊങ്ങാത്ത വീട്’ പണിതശേഷം, മാസശമ്പളത്തിന്റെ സിംഹഭാഗവും ഇ.എം.ഐ ആയി ചോർന്നുപോകുമ്പോൾ, ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ ഞെരുങ്ങി ജീവിക്കുന്ന, അല്ലെങ്കിൽ കടത്തിന്റെ പുറത്ത് കടമെടുത്ത് (കാശ് മറിച്ച്) ജീവിക്കുന്ന ധാരാളം സാധാരണക്കാരുണ്ട്. അതേസമയം സ്റ്റാറ്റസ് നിലനിർത്താൻ ആവശ്യത്തിലും വലിയ വീട് പണിതിട്ട്, തൂത്തു തുടയ്ക്കാൻ ജോലിക്കാരെ കിട്ടാതെ ബുദ്ധിമുട്ടി ജീവിക്കുന്നവരുണ്ട്. അതുമല്ലെങ്കിൽ മക്കളാരും അരികിൽ ഇല്ലാതെ വലിയ വീട്ടിൽ ഏകാന്തതയുടെ തടങ്കലിൽ കഴിയുന്നവരുമുണ്ട്.നിങ്ങൾക്ക് കാശും അതിയായ ആഗ്രഹവുമുണ്ടെങ്കിൽ വലിയ വീട് പണിയുന്നതിൽ തെറ്റില്ല. ആ കാശ് പലവഴിക്ക് കറങ്ങിത്തിരിഞ്ഞു സാധാരണക്കാരിലേക്കെത്തും, ലോക്കൽ വിപണി സജീവമാകും. ലോറി ഡ്രൈവർ മുതൽ മേസ്തിരിയും ആർക്കിടെക്ടും വരെ അതിന്റെ ഗുണഭോക്താക്കളാകും. അതേസമയം ‘കാശുണ്ട്’ എന്നുകരുതി പരിമിതമായ നിർമാണസാമഗ്രികൾ ധൂർത്തടിക്കുന്നത് ശരിയായ പ്രവണതയുമല്ല.