കോളേജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ബംഗാൾ സ്വദേശിക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: വാഴക്കുളത്ത് മോഷണശ്രമത്തിനിടെ ബിരുദ വിദ്യാര്‍ഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ബിജു മൊല്ല(44)യ്ക്ക് ഇരട്ട ജീവപര്യന്തവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നിമിഷ തമ്പി കൊലക്കേസില്‍ പ്രതിയെ ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.
കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവര്‍ച്ച, അതിക്രമിച്ചുകയറല്‍ തുടങ്ങിയവയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്ന കുറ്റങ്ങള്‍. കേസില്‍ 40-ഓളം സാക്ഷികളെ വിസ്തരിച്ചു.
തടിയിട്ടപറമ്പ് പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി.എം.ഷെമീറിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അന്നത്തെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എസ് ഉദയഭാനുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. എം.വി.ഷാജിയാണ് കേസിലെ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍.