സവാദിനെ കുടുക്കിയത് ഇളയ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്

കണ്ണൂർ: ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുതുവാശേരി വീട്ടില്‍ സവാദിനെതിരെ തെളിവായത് ഇളയ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്.
ഷാജഹാൻ എന്ന് പേര് മാറ്റിയെങ്കിലും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് സവാദ് എന്ന് നൽകിയതോടെയാണ് ഇയാൾക്ക് പിടിവീണത്. ജോസഫിന്റെ കൈവെട്ടുന്ന സമയത്ത് സവാദിന്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവുകളും പ്രതിയെ തിരിച്ചറിയാൻ സഹായകരമയി.
എട്ടുവർഷം മുൻപ് കാസർഗോഡുനിന്ന് ഒരു എസ്ഡി.പി.ഐ നേതാവിന്റെ മകളെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിൽ പള്ളിയിൽ നൽകിയ പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ ശേഷം പുറത്തേക്ക് പോകാതെ കേരളത്തിൽ തന്നെ തങ്ങി.
റിയാസ് എന്നയാളാണ് സവാദിന് ജോലി തരപ്പെടുത്തിക്കൊടുത്തത്. എന്നാൽ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന് ശേഷം സവാദ് എവിടെയായിരുന്നു എന്നകാര്യത്തിൽ വ്യക്തതയില്ല. സവാദിനെ ചൊവ്വാഴ്ച രാത്രി കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽനിന്നാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.