ഇ.വി. ചാര്‍ജിങ്ങ് പോയിന്റുകള്‍ ഇഷ്ടംപോലെയുണ്ട്, എവിടെയാണെന്ന് ആപ്പിന് പോലുമറിയില്ല

Share our post

സംസ്ഥാനത്ത് വൈദ്യുതി ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ ചാര്‍ജുചെയ്യാന്‍ കെ.എസ്.ഇ.ബി. സ്ഥാപിച്ച പോള്‍ മൗണ്ടഡ് ചാര്‍ജിങ് കേന്ദ്രങ്ങളില്‍ പലതും ഉപയോഗശൂന്യമാവുന്നു. മതിയായ സൂചനാബോര്‍ഡുകള്‍ ഇല്ലാത്തതിനാലാണ് ആളുകള്‍ എത്താത്തതെന്നാണ് കെ.എസ്.ഇ.ബി.യുടെ കണ്ടെത്തല്‍.

ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിച്ച തൂണിനു മുകളിലായി ചെറിയ വെള്ളപ്പെട്ടി അല്ലാതെ മറ്റു സൂചനകളൊന്നുമില്ല. ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ സൗകര്യമുള്ളയിടത്താണ് സ്ഥാപിക്കേണ്ടതെന്നാണ് കെ.എസ്.ഇ.ബി. കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍, പലയിടത്തും ഈ വ്യവസ്ഥ പാലിച്ചിട്ടില്ല.

ചാര്‍ജിങ് പോയിന്റുകള്‍ കണ്ടെത്താന്‍ സ്വകാര്യ കമ്പനി ഒരുക്കിയ മൊബൈല്‍ ആപ്പ് ഫലപ്രദമല്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. ആപ്പില്‍ നോക്കി സ്ഥലത്ത് കൃത്യമായി എത്താന്‍ സാധിക്കുന്നില്ല.

2021 ഒക്ടോബര്‍ ഒന്‍പതിന് പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട്ടാണ് കെ.എസ്.ഇ.ബി.എല്‍. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പോള്‍ മൗണ്ടഡ് ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിച്ചത്. തുടര്‍ന്ന് ഓരോ നിയോജകമണ്ഡലത്തിലും കുറഞ്ഞത് അഞ്ച് എന്ന നിരക്കിലും കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെട്ട മണ്ഡലത്തില്‍ 15 എന്ന നിരക്കിലും 1169 ചാര്‍ജിങ് പോയിന്റുകള്‍ സംസ്ഥാനമൊട്ടാകെ സ്ഥാപിച്ചു.

ഒന്‍പതു കോടിയാണ് ഇതിനായി സര്‍ക്കാര്‍ ചെലവഴിച്ചത്. ശരാശരി ഒരുമാസം 19,000 വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നുണ്ടെന്നാണ് കെ.എസ്.ഇ.ബി.യുടെ കണക്ക്.

ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദം

വീടുകളില്‍ ചാര്‍ജ് ചെയ്യുന്നതിനെക്കാള്‍ വേഗത്തില്‍ പോള്‍ മൗണ്ടഡ് സംവിധാനത്തില്‍ ചാര്‍ജ് ചെയ്യാം. ആപ്പ് വഴി ചാര്‍ജിങ് പോയിന്റുകളിലുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്താണ് കെ.എസ്.ഇ.ബി.ക്ക് പണം അടയ്‌ക്കേണ്ടത്. യൂണിറ്റൊന്നിന് 10 രൂപയാണ്. ജി.എസ്.ടി.കൂടിവരുമ്പോള്‍ 11.6 രൂപയാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!