രജിസ്ട്രേഷൻ വകുപ്പിനെ ഡിജിറ്റൽവത്കരിക്കും മ്യൂസിയങ്ങൾ സന്ദർശക സൗഹൃദമാക്കും:മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കണ്ണൂർ:സംസ്ഥാനത്തെ മ്യൂസിയങ്ങൾ സന്ദർശക സൗഹൃദമാക്കുമെന്നും ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മ്യൂസിയം, രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. മ്യൂസിയങ്ങളെ വിപുലപ്പെടുത്തി ടൂറിസം ഭൂപടത്തിന്റെ ഭാഗമാക്കും. മ്യൂസിയങ്ങളിൽ എന്തൊക്കയുണ്ടെന്ന് ജനങ്ങൾക്ക് ധാരണയില്ലാത്തതിന് പരിഹാരമുണ്ടാക്കുമെന്നും കണ്ണൂർ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസിൽ അദ്ദേഹം പറഞ്ഞു.ജില്ലാ ഹെറിറ്റേജ് സെന്ററുകൾക്ക് സ്ഥലം ലഭ്യമായാൽ അതിന്റെ പ്രവൃത്തി തുടങ്ങും. ജില്ലയിൽ കൂത്തുപറമ്പിലാണ് ഹെറിറ്റേജ് സെന്റർ സ്ഥാപിക്കുന്നത്.
കണ്ണൂർ കോട്ടയിൽ സന്ദർശകരെ ആകർഷിക്കുന്നതിനായി പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്ര ആർക്കിയോളജി വകുപ്പുമായി നിരവധി തവണ ബന്ധപ്പെട്ടു. കേന്ദ്രം അനുമതി നൽകിയില്ല. അവർ സ്വന്തം നിലയിൽ ഒന്നും ചെയ്യുന്നുമില്ല. എങ്കിലും കോട്ടയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഇടപെടും. 150 വർഷം പഴക്കമുള്ള സെൻട്രൽ ജയിലിലെ രേഖകൾ സംരക്ഷിക്കാൻ വേണ്ടത് ചെയ്യും. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള പുരാരേഖകൾ കമ്യൂണിറ്റി ആർക്കൈവ്‌സ് പദ്ധതി വഴി സംരക്ഷിക്കും.
കണ്ണൂർ സയൻസ് പാർക്കിലെ ആർക്കൈവൽ ഗ്യാലറി നവീകരിക്കും.എ.കെ.ജി മ്യൂസിയം, വള്ളോപ്പള്ളി മ്യൂസിയം ,തെയ്യം മ്യൂസിയം , പുരാരേഖപൈതൃക പഠനകേന്ദ്രം തുടങ്ങിയ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കും. കൈത്തറി മ്യൂസിയം വിപുലപ്പെടുത്തും. ഇന്ന വകുപ്പ് വേണമെന്ന ആവശ്യം തനിക്കില്ല. ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. കണ്ണൂരിന്റെ ജനപ്രതിനിധി എന്ന നിലയിൽ ജില്ലയുടെ സമഗ്ര വികസനത്തിന് സഹായകരമായ നടപടികളും ഇടപെടലുകളും ഉണ്ടാകും.
പ്രസ്‌ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ .വിജേഷ് , ട്രഷറർ കബീർ കണ്ണാടിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.
രജിസ്ട്രേഷനിൽ ലക്ഷ്യത്തോടടുക്കുന്നു
ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ട 5822 കോടി വരുമാനത്തിൽ 3731 കോടി രൂപ നിലവിൽ നേടിക്കഴിഞ്ഞു. രജിസ്‌ട്രേഷൻ വകുപ്പിനെ വേഗത്തിൽ ഡിജിറ്റൽവത്ക്കരിമെന്നും മന്ത്രി പറഞ്ഞു. ഈ വർഷം കൂടുതൽ സേവനങ്ങൾ ഓൺലൈനാവും. രജിസ്‌ട്രേഷൻ സർക്കാരിന് നികുതി ലഭ്യമാക്കുന്നതിൽ സുപ്രധാന വകുപ്പാണ്. സർക്കാരിന്റെവരുമാനത്തിൽ രണ്ടാം സ്ഥാനത്താണ് രജിസ്‌ട്രേഷൻ വകുപ്പ്.