വാഗ്ദാനങ്ങളല്ല, വേണ്ടത് വികസനം: ഉപേക്ഷിക്കപ്പെട്ടപോലെ ‘മണിക്കടവ് ‘

ഉളിക്കൽ : വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ഒരുപാട് കേട്ടവരാണ് മണിക്കടവ് നിവാസികൾ. ഒരു നാടിനെ എങ്ങിനെയൊക്കെ അവഗണിക്കാമോ അതിന്റെയൊക്കെ തെളിവാണ് കുടിയേറ്റത്തിന്റെ നൂറ്റാണ്ട് പിന്നിട്ട മണിക്കടവ്. ജനസംഖ്യയും പ്രദേശത്തിന്റെ വിസ്തൃതിയും കണക്കിലെടുത്താൽ ഉളിക്കൽ പഞ്ചായത്ത് വിഭജിച്ച് മണിക്കടവ് ആസ്ഥാനമായി പഞ്ചായത്ത് രൂപവത്കരിക്കാൻ സാധ്യതയുള്ള പ്രദേശമാണ്.
വർഷങ്ങൾക്ക് മുൻപേ ഇതുസംബന്ധിച്ച നിർദേശങ്ങളും സർക്കാരിന് മുന്നിലുണ്ട്. നുച്യാട് വില്ലേജ് വിഭജിച്ച് മണിക്കടവിൽ പുതിയ വില്ലേജ് രൂപവത്‌കരിക്കുന്നതിനും പ്രാഥമിക പരിശോധന നടന്നിരുന്നു.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയുടെ ഫുട്സ്റ്റേഷനായി മാറാൻ മണിക്കടവ് ടൗണിന് കഴിയും. കാഞ്ഞിരക്കൊല്ലിയിലേക്കുള്ള വിനോദസഞ്ചാരികൾ പ്രധാനമായും ഇതുവഴിയാണ് കടന്നുപോകുന്നത്.
ഉളിക്കൽ-മണിക്കടവ് റൂട്ടിൽ നാട്ടുകാർ മുപ്പത് വർഷം മുൻപ് നിർമിച്ച വട്ട്യാംതോട് പാലം വീതികൂട്ടി പുനർ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം കടലാസിലുറങ്ങുകയാണ്. വിശദമായ എസ്റ്റിമേറ്റ് അധികൃതർ തയ്യാറാക്കിയിട്ടും ഭരണാനുമതി ലഭിച്ചിട്ടില്ല.
മണിക്കടവിൽ ബസ്‌സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യവും നടപ്പായില്ല. മണിക്കവിൽനിന്ന് ഒട്ടേറെ പേർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്നുണ്ട്. ഇവരുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിന് ദീർഘദൂര കെ.എസ്.ആർ.ടി.സി. ബസ് റൂട്ട് അനുവദിക്കുന്നതിനും നടപടിയുണ്ടായില്ല.
വട്ട്യാംതോട് മുതൽ മണിക്കടവ് വരെയുള്ള റോഡ് വീതികൂട്ടി മെക്കാഡം സംവിധാനത്തിൽ വികസിപ്പിക്കണമെന്ന ആവശ്യവും നടപ്പായില്ല. മണിക്കടവ് പുഴയിൽ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് നടപടിക്രമങ്ങൾ തുടങ്ങിയെങ്കിലും പദ്ധതി നടപ്പായില്ല.
വന്യമൃഗശല്യം തടയാനും നടപടിയില്ല
മണിക്കടവ് മേഖലയിൽ വന്യമൃഗങ്ങളുടെ രൂക്ഷമായ ശല്യം പരിഹരിക്കാൻ ഒരു നടപടിയുമില്ല. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യവും കൂടിവരികയാണ്. കർണാടക വനത്തിൽനിന്ന് കാട്ടാനക്കൂട്ടവും ഇടയ്ക്കിടെ നാട്ടിലേക്കിറങ്ങും.
വനാതിർത്തിയിൽ സോളാർ കമ്പിവേലി സ്ഥാപിക്കണം. മണിക്കടവിൽ ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. കെ.സി. ജോസഫ് ഗ്രാമവികസന മന്ത്രിയായിരുന്ന അവസരത്തിൽ മണിക്കടവ് വികസനത്തിന് അടിയന്തര നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല.