രാഹുലിന് ജാമ്യമില്ല ; 22 വരെ റിമാൻഡിൽ

Share our post

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ച് കോടതി. ഈ മാസം 22 വരെ റിമാന്റിൽ തുടരും. രണ്ടാം തവണ നടത്തിയ വൈദ്യ പരിശോധനയിലും രാഹുല്‍ ഫിറ്റ് ആണെന്ന് റിപ്പോര്‍ട്ട്. ഇതോടെയാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി ജാമ്യം നിഷേധിച്ചത്. ഉച്ചയ്ക്ക് ശേഷം ജാമ്യ ഹര്‍ജിയില്‍ വിധി പറയുമെന്നാണ് കോടതി അറിയിച്ചിരുന്നത്.

എന്നാല്‍ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്ന് വീണ്ടും വൈദ്യ പരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. നവകേരള സദസിനിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന പൊലീസ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷങ്ങളുടെ പേരിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെ അടൂരിലെ വീട്ടില്‍ നിന്നാണ് പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണം ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ രാഹുലിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നേരത്തെ ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയിരുന്നു. ഇതില്‍ മെഡിക്കല്‍ ഫിറ്റാണെന്നാണ് രേഖപ്പെടുത്തിയിരുന്നു. അതേ സമയം അറസ്റ്റിന് രണ്ട് ദിവസം മുമ്പുവരെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും തുടര്‍ ചികിത്സ ആവശ്യമുണ്ടെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

ഇതേ തുടര്‍ന്നാണ് കോടതി വിശദമായ പരിശോധന നിര്‍ദ്ദേശിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് രണ്ടാം തവണ വൈദ്യ പരിശോധന നടത്തിയത്. എന്നാല്‍ ഇതിലും രാഹുലിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് വ്യക്തമായതോടെയാണ് ജാമ്യം നിഷേധിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!