മരുന്നുക്ഷാമമില്ല, കേന്ദ്രഫണ്ട് ലഭിക്കാത്തതിനാല്‍ എന്‍.എച്ച്.എം പദ്ധതി താളംതെറ്റി – ആരോഗ്യമന്ത്രി

Share our post

തിരുവനന്തപുരം: നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍(എന്‍.എച്ച്.എം) പദ്ധതിക്കായി കേന്ദ്രഫണ്ട് ലഭിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്. 2023-2024 കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് ലഭിക്കേണ്ട കേന്ദ്രവിഹിതം ഇതുവരെയും കിട്ടിയിട്ടില്ല. ഇക്കാരണത്താല്‍ എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ താളെതെറ്റി. 60 ശതമാനം കേന്ദ്രഫണ്ടും 40 ശതമാനം സംസ്ഥാനഫണ്ടും ഉപയോഗിച്ചാണ് എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനം.

ഈ അനുപാതത്തില്‍ വിവിധ പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിക്കേണ്ടത് 826.2 കോടിരൂപയാണ്. സംസ്ഥാനത്തിന്റെ വിഹിതം 550. 68 കോടിയും. ക്യാഷ് ഗ്രാന്‍ഡായി കേന്ദ്രം അനുവദിക്കുന്നത് 371.20 കോടിയാണ്. നാലുഗഡുവായാണിത് ലഭിക്കേണ്ടത്. മൂന്നുഗഡു അനുവദിക്കേണ്ട സമയം ഇതിനകം കഴിഞ്ഞെന്നും
അതുവരെ ഒരുഗഡുപോലും കിട്ടിയിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ആരോപിച്ചു.

മൂന്നുഗഡുവായി ലഭിക്കേണണ്ട 278.4 കോടി രൂപയാണ് കിട്ടാനുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം നല്‍കിക്കഴിഞ്ഞു. ഇത് ഉപയോഗിച്ചാണ് കഴിഞ്ഞ രണ്ട് മാസമായി എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയത്.

ആശാപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍സന്റീവ്, ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം എന്നിവ മുടങ്ങി. കേന്ദ്രവുമായി ആശയവിനിമയം നടത്തിയിരുന്നു. കോ ബ്രാന്‍ഡിങ് എന്ന സാങ്കേതികത്വമാണ് ഇതിനുതടസമായി കേന്ദ്രം പറയുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലോഗോയ്‌ക്കൊപ്പം കേന്ദ്രത്തിന്റെ ലോഗോയും വെക്കുന്നതാണ് കോ ബ്രാന്‍ഡിങ്.

99ശതമാനം കോ ബ്രാന്‍ഡിങ് പ്രവൃത്തികളും കേരളം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നിട്ടും വിഹിതം അനുവദിക്കുന്നില്ല. ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന് പേരിടാനുള്ള നിര്‍ദേശം പിന്നീട് ഡിസംബറില്‍ വന്നു. ഭാഷ, സംസ്‌കാരം എന്നിവയെ ബാധിക്കുമെന്നതിനാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ല. നിലവിലെ പേരിനൊപ്പം ചേര്‍ക്കുകയല്ല വേണ്ടത്, മറിച്ച പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇതാവാം തുക അനുവദിക്കാത്തതിനുള്ള കാരണമെന്നും വീണാജോര്‍ജ്ജ് വ്യക്തമാക്കി.

മരുന്ന് കിട്ടുന്നില്ലെന്നത് മാധ്യമങ്ങളുടെ തെറ്റായ പ്രചാരണമാണെന്നും ഓരോ വര്‍ഷവും മരുന്നിനായി ആരോഗ്യവകുപ്പ് ചെലവാക്കുന്ന തുക കൂടുകയാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. ഈ സാമ്പത്തിക വര്‍ഷം 155 കോടി രൂപയുടെ അധികമരുന്നാണ് വാങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാങ്ങിയത് 622 കോടിയുടെ മരുന്നായിരുന്നു.

ഈ സാമ്പത്തിക വര്‍ഷം 627 കോടിയുടെ മരുന്നുകള്‍ ഇതുവരെ വാങ്ങി. ഇതിനുപുറമെ 150 കോടിയുടെ മരുന്നുകള്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ആശുപത്രികളോട് 20 ശതമാനം അധികമായി മരുന്ന് ആവശ്യപ്പെടാനുള്ള നിര്‍ദേശം നേരത്തെ നല്‍കിയിരുന്നുവെന്നും നിലവില്‍ മരുന്നുമായി ബന്ധപ്പെട്ട് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും അവര്‍ വ്യക്തമാക്കി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ് ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുന്ന ഫാര്‍മസികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കുമെന്നും മന്ത്രി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!