മരുന്നു കുറിപ്പടികൾ ക്യാപിറ്റൽ ലെറ്ററിൽ വ്യക്തമായി എഴുതണം; ഡോക്ടർമാരോട് ഒഡീഷ ഹൈക്കോടതി

Share our post

ഡോക്ടർമാർ എഴുതുന്ന മരുന്നുകുറിപ്പടികൾ വ്യക്തമായി വായിക്കാൻ കഴിയുന്നതല്ലെന്ന വിമർശനങ്ങൾ പലപ്പോഴും ഉയരാറുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ അതിരിടണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒഡീഷ ഹൈക്കോടതി. മരുന്ന് കുറിപ്പടികൾ, പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ, മെഡിക്കോ-ലീ​ഗൽ രേഖകൾ തുടങ്ങിയവ വൃത്തിയായും ക്യാപിറ്റൽ ലെറ്ററിലും എഴുതണമെന്നാണ് ഒഡീഷ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

ജസ്റ്റിസ് എസ്.കെ. പനി​ഗ്രഹി ഒഡീഷ ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. എല്ലാ മെഡിക്കൽ സെന്ററുകളിലും സ്വകാര്യ ക്ലിനിക്കുകളിലും മെഡിക്കൽ കോളേജുകളിലും നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പറയുന്നുണ്ട്.

ദേൻകനാൽ ജില്ലയിലെ രസാനന്ദ ഭോയ് എന്നയാളുടെ ഹർജി കേട്ടതിനൊടുവിലാണ് കോടതി പ്രസ്തുത ഉത്തരവിട്ടത്. ഇദ്ദേഹത്തിന്റെ മൂത്തമകൻ സൗവാ​ഗ്യ രഞ്ജൻ ഭോയ് പാമ്പുകടിച്ചതിനേത്തുടർന്ന് മരിച്ചിരുന്നു. എന്നാൽ കോടതിയിൽ സമർപ്പിച്ച പോസ്റ്റുമോർട്ടം റിപ്പോർട്ട് വായിക്കുന്നതിനും സം​ഗ്രഹിക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടതിനേത്തുടർന്ന് കേസിൽ അന്തിമതീരുമാനം എടുക്കൽ പ്രയാസകരമായിരുന്നു.

പലകേസുകളിലും ഉദാസീനമായി പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ എഴുതുമ്പോൾ നീതിന്യായസംവിധാനത്തിന് അവ വായിച്ചുമനസ്സിലാക്കാൻ ബുദ്ധിമുട്ടാറുണ്ടെന്നും അന്തിമതീരുമാനമെടുക്കുന്നതിൽ തടസ്സം നേരിടാറുണ്ടെന്നും കോടതി വ്യക്തമാക്കി. സി​ഗ്-സാ​ഗ് ശൈലിയിലുള്ള എഴുത്ത് ഡോക്ടർമാർക്കിടയിൽ ഫാഷനായിമാറിയെന്നും ഇത് സാധാരണക്കാരന് മരുന്നിനേക്കുറിച്ച് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ വരുമെന്നും കോടതി പറഞ്ഞു.

സമാനമായ ഉത്തരവ് 2020-ലും ഒറീസ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. മരുന്നുകുറിപ്പടി യാതൊരുതരത്തിലുള്ള അനിശ്ചിതത്വത്തിനും ഇടവരുത്തരുതെന്നായിരുന്നു അന്നത്തെ ഉത്തരവ്. രോ​ഗിയായ ഭാര്യയെ പരിചരിക്കാൻ തടവുപുള്ളി ഇടക്കാലജാമ്യത്തിനായി സമർപ്പിച്ച മരുന്നുകുറിപ്പടി വായിക്കാൻ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് ജഡ്ജി പ്രസ്തുത ഉത്തരവിട്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!