അളപ്ര പന്നിഫാം നാട്ടുകാർക്ക് ദുരിതമാകുന്നു

ഇരിട്ടി: ഇരിട്ടി അളപ്രയിലെ ജനവാസ മേഖലയിലുള്ള പന്നിഫാം നാട്ടുകാർക്ക് ദുരിതമാകുന്നു. ദുർഗന്ധം കാരണം സമീപത്തെ മുപ്പതോളം വീട്ടുകാർ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്.
മുമ്പ് ഇവിടെ പ്രവർത്തിച്ച പന്നിഫാം നാട്ടുകാർക്ക് ബുദ്ധിമുട്ടായതോടെ അധികൃതർ പൂട്ടിച്ചിരുന്നു. എന്നാൽ, ഒരു മാസം മുമ്പാണ് പന്നിഫാം വീണ്ടും പ്രവർത്തനം തുടങ്ങിയത്. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് നാട്ടുകാർ ഫാമിലെത്തി പരിശോധിച്ചിരുന്നു.
എന്നാൽ, ഇവിടെയുള്ള കൃഷികൾ നശിപ്പിച്ചതായി കാണിച്ച് ഫാമുടമ പൊലീസിൽ പരാതി നൽകിയതായും സി.പി.എം പായം വെസ്റ്റ് ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പേരിൽ കള്ളപ്പരാതി നൽകിയതായും നാട്ടുകാർ പറഞ്ഞു. പന്നിഫാമിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ സമരം ആരംഭിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.