ആവേശം വാനോളം; വിദ്യാർഥികളുടെ വിനോദയാത്രകൾ വിമാനത്തിലേക്ക്

Share our post

കണ്ണൂർ : സ്കൂൾ വിദ്യാർഥികളുടെ വിനോദയാത്രകൾ വിമാനത്തിലേക്കും. കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയിൽ എയർഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് ആരംഭിച്ചതോടെയാണ് വിദ്യാർഥികളുടെ വിനോദയാത്രയ്ക്ക് വിമാനം പ്രയോജനപ്പെടുത്താനുള്ള വഴി തുറന്നത്. കണ്ണൂരിൽ നിന്നു വിമാനമാർഗം തിരുനന്തപുരത്ത് എത്തി അവിടെ കാഴ്ചകൾ കണ്ടശേഷം തൊട്ടടുത്ത ദിവസം വന്ദേഭാരത് എക്സ്പ്രസിൽ തിരികെ എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിക്കുന്നത്.

ഇതിന് എയർഇന്ത്യ എക്സ്പ്രസ് പ്രത്യേക പാക്കേജുകൾ നൽകുന്നുണ്ട്.കോഴിക്കോട് ഇഖ്റ തണൽ ഏർലി ഇന്റർവെൻഷൻ സെന്ററിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും ഉൾപ്പെടെ 117 പേർ കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നു വിമാനയാത്ര നടത്തി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഇവരെ സ്വീകരിക്കാനുണ്ടായിരുന്നു.

വൺ ഡേ വണ്ടർ എന്ന പേരിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കും വിനോദയാത്രാ സംഘങ്ങൾ എത്തിത്തുടങ്ങി. ആഭ്യന്തര യാത്രകൾ വർധിക്കുന്നത് കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെന്ന് കിയാൽ മാനേജിങ് ഡയറക്ടർ സി.ദിനേശ് കുമാർ പറഞ്ഞു.ആഭ്യന്തര വിമാന യാത്രകൾ സജീവമാക്കാൻ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷന്റെ (നോംടോ) നേതൃത്വത്തിൽ നവംബറിൽ വിളിച്ചുചേർത്ത യോഗത്തിൽ ടൂർ പാക്കേജുകൾ തയാറാക്കാൻ എയർഇന്ത്യ എക്സ്പ്രസ് സഹകരണം ഉറപ്പു നൽകിയിരുന്നു.

ട്രാവൽ ഏജൻസികൾ വഴിയാണ് പാക്കേജുകൾ ലഭ്യമാക്കുന്നത്. വിദ്യാർഥികൾക്കു പുറമേ റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ പോലുള്ള സംഘടനകൾ, വായനശാല, ടൂറിങ് ക്ലബ്ബുകൾ തുടങ്ങി വിവിധ കൂട്ടായ്മകൾക്കു വേണ്ടിയും യാത്രാ പാക്കേജുകൾ തയാറാക്കാൻ ട്രാവൽ ഏജൻസികളുമായും എയർഇന്ത്യ എക്സ്പ്രസുമായുള്ള ചർച്ചയിൽ ധാരണയായതായി നോംടോ ഭാരവാഹികൾ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!