പറശ്ശിനി പാലം അടച്ചിട്ടുള്ള അറ്റകുറ്റപ്പണി നീളുന്നു

പറശ്ശിനിക്കടവ് : അറ്റകുറ്റപ്പണികൾക്കായി പറശ്ശിനിക്കടവ് പാലം അടച്ചിട്ടിട്ട് ഒരുമാസം പിന്നിട്ടു. സ്ഥിരം യാത്രക്കാരുടെയും വിദ്യാർഥികളുടെയും നാട്ടുകാരുടെയും യാത്രക്ലേശം അതിരൂക്ഷമായി തുടരുകയാണ്.
ധർമശാലയിൽനിന്നും പറശ്ശിനിയിൽ നിന്നും കരിങ്കൽക്കുഴി, മയ്യിൽ, കൊളച്ചേരി, മട്ടന്നൂർ വിമാനത്താവളം എന്നീ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കോൾമെട്ടയിൽനിന്ന് തിരിഞ്ഞ് മുയ്യം റോഡിലൂടെ ചെന്ന് പൂവത്തുംകുന്ന് ഇറങ്ങി നണിച്ചേരി പാലത്തിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്.
പൂവത്തുംകുന്ന്, നണിച്ചേരി ഭാഗത്ത് പാലം അടച്ചശേഷം നിരവധി അപകടങ്ങളാണ് നടന്നത്. പൂവത്തുംകുന്നിൽ സ്ഥിരമായി ഗതാഗതതടസ്സമാണ്. ആ സമയത്ത് തളിപ്പറമ്പ് ഭാഗത്തുനിന്ന് മട്ടന്നൂർ വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങളും കുരുക്കിൽപ്പെടുന്നു. കഴിഞ്ഞദിവസം പൂവ്വത്തെ കണ്ണപ്പിലാവ് റോഡിൽ ചാറ്റൽ മഴയിൽ വഴുതി ടിപ്പർ ലോറി കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് അപകടമുണ്ടായിരുന്നു.
2023 ഡിസംബർ ആറിനാണ് പാലം പൂർണമായി അടച്ചിട്ടത്. ആദ്യഘട്ട പ്രവൃത്തിയിൽ വലിയതോതിൽ മേല്ലെപ്പോക്കുണ്ടായതായി നാട്ടുകാർ പറയുന്നു.
അറ്റകുറ്റപ്പണി ഒന്നരപ്പതിറ്റാണ്ടിനുശേഷം
ഇറിഗേഷൻ വകുപ്പിനു കീഴിലുള്ള പാലത്തിൽ ഒന്നരപ്പതിറ്റാണ്ടിനു ശേഷമാണ് അറ്റകുറ്റപ്പണി നടക്കുന്നത്. നിരവധി പ്രതിഷേധങ്ങൾക്കൊടുവിലാണ് 81 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്ക് ഉത്തരവായത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. പാലത്തിലെ റീ ടാറിങ്ങിനൊപ്പം പാലത്തിന്റെ സ്ലാബുകൾക്കുള്ള തകരാറുകൾ പരിഹരിക്കാനും കൈവരികളുടെ ജീർണത മാറ്റി പാലം ബലപ്പെടുത്താനാവശ്യമായ പണികൾ നടത്താനുമാണ് കരാർ.
പാലം മിനുക്കുന്നതിനൊപ്പം അത്യാവശ്യം അറ്റകുറ്റപ്പണികൾ മാത്രമാണ് നിലവിൽ നടക്കുന്നത്.പാലം വന്നതോടെ ആന്തൂർ-മയ്യിൽ ഭാഗങ്ങളിലേക്കും പറശ്ശിനി മുത്തപ്പൻ മടപ്പുരയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനും കഴിഞ്ഞിരുന്നു.