കലാകിരീടം നേടിയ കണ്ണൂര്‍ ജില്ലാ ടീമിന് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം

കണ്ണൂർ: 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണ കിരീടം നേടിയ കണ്ണൂർ ജില്ലാ ടീമിന് ഇന്ന് സ്വീകരണം. 23 വർഷത്തിന് ശേഷമുള്ള കിരീടനേട്ടം ആവേശത്തോടെയാണ് ജില്ല വരവേൽക്കുന്നത്. കൊല്ലത്ത് നിന്ന് കണ്ണൂരിലേക്ക് എത്തുന്ന ടീമിനെ ജില്ലാ അതിർത്തിയായ മാഹിയിൽ വെച്ച് വൈകുന്നേരം മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരിക്കും.
ജില്ലാ കളക്ടർ അരുൺ. കെ. വിജയൻ ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം. ആഘോഷപൂർവ്വം ടീമിനെ തുറന്ന വാഹനത്തിൽ കണ്ണൂർ നഗരത്തിലേക്ക് ആനയിക്കും. അഞ്ച് മണിക്ക് കണ്ണൂരിലെത്തുന്ന ടീമിനെ വാദ്യമേളങ്ങളോടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് വിപുലമായ ആഹ്ലാദ പ്രകടനം നടത്തും. കലോത്സവത്തിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് സ്വീകരണവും നൽകും.
കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കി ഒന്നാം സ്ഥാനം നേടിയ കണ്ണൂരിന് സ്വർണ കപ്പ് കൈമാറിയത് മന്ത്രി വി. ശിവൻ കുട്ടിയാണ്. മുഖ്യാതിഥിയായെത്തിയ നടൻ മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തിലാണ് കുട്ടികൾക്ക് സമ്മാനങ്ങൾ കൈമാറിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത്.
പരാജയങ്ങൾ കലയെ ബാധിക്കരുതെന്ന് മുഖ്യാതിഥിയായെത്തിയ മമ്മൂട്ടി പറഞ്ഞു. മത്സരത്തിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാലോകത്ത് ഒരുപോലെ അവസരങ്ങളുണ്ട്. കലകൾക്ക് കേരളത്തിൽ വിവേചനമില്ല. ഇത്തരത്തിൽ വിവേചനമോ വേർതിരിവോ ഇല്ലാതെ കലകൾ അവതരിപ്പിക്കപ്പെടുന്നത് യുവജനോത്സവങ്ങളിലായിരിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
സ്വീകരണ കേന്ദ്രങ്ങൾ :
. 3 മണി ന്യൂ മാഹി പാലം .
. 3.20 തലശ്ശേരി ടൌൺ
. 3.40 മീത്തലെ പീടിക
. 3.50 മൊയ്‌തു പാലം
. 4 മണിക്ക് എടക്കാട് ബസാർ
. 4.20 ചാല
. 4.30 താഴെ ചൊവ്വ
. 5 മണിക്ക് കാൽടെക്സ്.