വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ആണ്‍സുഹൃത്തിന്റെ വിവാഹ ദിവസം പോലീസുമായെത്തി യുവതി

കോഴിക്കോട് : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ആൺസുഹൃത്തിനെ തേടി വിവാഹ ദിവസം യുവതിയെത്തി. കർണാടകയിലെ ഉളളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടേക്കാർ ബീരിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ആൺ സുഹൃത്തിൻ്റെ വിവാഹ വേദിയിലേക്കാണ് മൈസൂർ സ്വദേശിയായ യുവതി പോലീസുമായി എത്തിയത്. യുവതി എത്തുമെന്ന് അറിഞ്ഞ യുവാവ് മുഹൂർത്തത്തിന് മുമ്പേ മംഗളുരു സ്വദേശിനിയെ താലി ചാർത്തി മുങ്ങിയിരുന്നു.
കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റിൽ വെച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും 19 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തെന്നും കാണിച്ച് യുവതി പന്തീരങ്കാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടപ്പോൾ നഗ്‌ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി നൽകിയ പരാതിയിലുണ്ട്. ഈ പരാതിയിൽ പന്തീരങ്കാവ് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് യുവാവ് വിവാഹിതനാവുന്നു എന്നറിഞ്ഞ് യുവതി പോലീസുമായി എത്തിയത്. പീഡന പരാതിയിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിവാഹം തടയണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ, യുവതി എത്തിയപ്പോഴേക്കും കോഴിക്കോട് സ്വദേശി താലിചാർത്തി മടങ്ങിയതിനാൽ യുവതിയും മൈസൂർ പോലീസിൻ്റെ സംഘവും തിരിച്ചു പോയി.