സൈബർ തട്ടിപ്പിന് തലവെച്ച് മലയാളി; മാസം നഷ്ടപ്പെടുന്നത് 15 കോടി

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകൾ പെരുകിയതോടെ മലയാളികൾക്ക് മാസം നഷ്ടപ്പെടുന്നത് ശരാശരി 15 കോടി രൂപ. ദിവസേനയുള്ള നഷ്ടം ശരാശരി 50 ലക്ഷം. തട്ടിപ്പുനടന്ന് ആദ്യമണിക്കൂറുകളിൽത്തന്നെ പരാതി നൽകിയാൽ മുഴുവൻ പണവും തിരികെപ്പിടിക്കാം. എന്നാൽ, ഇത്തരത്തിൽ കൃത്യസമയത്ത് ലഭിക്കുന്നത് വെറും 40 ശതമാനം പരാതികൾമാത്രം.
കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ഭൂരിഭാഗം സൈബർ കേസുകളും ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണ്. ചില ദിവസങ്ങളിൽ അമ്പതിലധികം കേസുകൾവരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതി മാത്രം വിവിധ കേസുകളിൽ നഷ്‌ടമായത് 37 ലക്ഷം രൂപയാണ്.
ഒ.ടി.പി, വീഡിയോ ചാറ്റ് ആപ്ലിക്കേഷൻ, വ്യാജ വെബ്സൈറ്റുകൾ എന്നിങ്ങനെ പലമാർഗങ്ങളിലൂടയാണ് കബളിപ്പിക്കൽ. കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേന വൻകിടക്കാരെ ഭയപ്പെടുത്തി പണം തട്ടിയെടുത്ത സംഭവങ്ങളുമുണ്ട്.
വെള്ളിയാഴ്ച 37 ലക്ഷംരൂപ നഷ്‌ടപ്പെട്ട സംഭവങ്ങളിൽ പരാതികൾ വൈകിയതിനാൽ എട്ടുലക്ഷം രൂപ മാത്രമേ സൈബർ വിഭാഗത്തിന് തിരികെപ്പിടിക്കാനായുള്ളൂ.
പുതിയ തസ്തികകൾ, ആസ്ഥാനം
സൈബർ ഡിവിഷനുവേണ്ടി പുതുതായി സൃഷ്‌ടിച്ച തസ്‌തികകളിലേക്കും പോലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിൽനിന്ന് മാറ്റുന്നവരുടെയും നിയമനങ്ങൾ ഈയാഴ്ചയുണ്ടാകും. ഇപ്പോൾ പോലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സൈബർ ഡിവിഷന് അടുത്തമാസം അവസാനത്തോടെ പുതിയ മന്ദിരമാകും.
മൂന്ന് മേഖലകളിലുള്ള സൈബർഡോം, കുട്ടികൾക്കെതിരേയുളള ലൈംഗിക ചൂഷണം തടയുന്നതിനുള്ള പ്രത്യേക വിഭാഗം, വിവിധ സൈബർ പോലീസ് സ്റ്റേഷനുകൾ, ഹൈടെക് ക്രൈം എൻക്വയറി സെൽ, ഡ്രോൺ ഫൊറൻസിക് ലാബ് തുടങ്ങിയവയൊക്കെ സൈബർ ഡിവിഷന് കീഴിൽ പ്രവർത്തിക്കും.