വിസയില്ലാതെ കെനിയയിലേക്ക് പ്രവേശിച്ച് സഞ്ചാരികള്‍; പുത്തനുണര്‍വോടെ ടൂറിസം മേഖല

Share our post

വിസയില്ലാതെ രാജ്യത്തെത്തിയ ആദ്യ ബാച്ച് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ആഫ്രിക്കന്‍ രാജ്യമായ കെനിയ. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് നെയ്‌റോബിയിലേക്ക് വിമാനമാര്‍ഗമാണ് ഈ സഞ്ചാരികളെത്തിയത്. വിസയുടെ നടപടിക്രമങ്ങളൊന്നുമില്ലാതെ തന്നെ ഇവര്‍ കെനിയയിലേക്ക് പ്രവേശിച്ചു. രാജ്യത്ത് പ്രവേശിക്കാന്‍ ഇനി ആര്‍ക്കും വിസ വേണ്ടെന്ന കെനിയയുടെ ചരിത്രപരമായ തീരുമാനം നടപ്പിലായശേഷം രാജ്യത്തെത്തുന്ന ആദ്യ സഞ്ചാരികളാണിവര്‍.

വിസയ്ക്ക് പകരം പുതുതായി ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയുള്ള രജിസ്‌ട്രേഷന്‍ മാത്രമാണ് കെനിയയില്‍ എത്തുന്ന സഞ്ചാരികള്‍ ചെയ്യേണ്ടത്. ഇതും ഭാവിയില്‍ ഇല്ലാതാകും. കെനിയയെ ഒരു സമ്പൂര്‍ണ വിസരഹിത രാജ്യമാക്കി മാറ്റുകയാണ് തന്റെ സ്വപ്‌നമെന്ന് പ്രസിഡന്റ് വില്യം റൂട്ടോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എല്ലാവര്‍ക്കും വിസരഹിത പ്രവേശനം പ്രഖ്യാപിച്ച കെനിയയുടെ നടപടിയോട് ലോകത്താകമാനമുള്ള സഞ്ചാരി സമൂഹവും ആവേശത്തോടെയാണ് പ്രതികരിച്ചത്. കെനിയയിലെ വൈല്‍ഡ്‌ലൈഫ് സഫാരി ബുക്കിങ്ങുകള്‍ ഉള്‍പ്പടെ കുത്തനെ വര്‍ധിച്ചതായാണ് വിവരം. ഹോട്ടല്‍, റിസോര്‍ട്ട് ബുക്കിങ്ങുകളും ഉയര്‍ന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ പുതിയ സംവിധാനം പ്രയോജനപ്പെടുത്തി രാജ്യത്തെത്തുമെന്നാണ് കെനിയന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നത്.

കോവിഡാനന്തരം വിനോദസഞ്ചാര മേഖലയിലുണ്ടായ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാന്‍ കെനിയക്ക് സാധിച്ചിരുന്നില്ല. 2022 ല്‍ 1.5 കോടി വിദേശ സഞ്ചാരികള്‍ രാജ്യത്തെത്തിയെങ്കിലും അത് കോവിഡിന് മുന്‍പുള്ളതിനേക്കാള്‍ കുറവായിരുന്നു. ഇതോടെയാണ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിസ ഒഴിവാക്കുന്നത് പോലുള്ള നടപടികളിലേക്ക് കെനിയ കടന്നത്.

അതിമനോഹരമായ ഭൂപ്രകൃതിയും മഹത്തായ ജീവിത സംസ്‌കാരങ്ങളും വന്യജീവി സമ്പത്തുമുള്ള കെനിയയില്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സഞ്ചാരികള്‍ എത്താറുണ്ട്. കെനിയയുടെ പ്രധാന വരുമാനമാര്‍ഗവും വിനോദസഞ്ചാരമാണ്. മാസായി മാര ഉള്‍പ്പടെയുള്ള വന്യജീവി സങ്കേതങ്ങളിലെ വന്യജീവി സഫാരികളാണ് കെനിയയെ ലോക ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!