യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുത്ത രണ്ടുപേർ റിമാൻഡിൽ

കൂത്തുപറമ്പ്: യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു കിലോ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട രണ്ടുപേരെ റിമാൻഡ് ചെയ്തു. കൂവപ്പാടിയിലെ ജംഷീർ മൻസിലിൽ ടി.വി.റംഷാദ് (26), കൂത്തുപറമ്പ് മൂര്യാട് താഴെപുരയിൽ സലാം (36) എന്നിവരെയാണ് കൂത്തുപറമ്പ് മജിസ്ട്രറ്റിന്റെ ചുമതല വഹിക്കുന്ന മട്ടന്നൂർ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നും നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ കോഴിക്കോട് കൊടുവള്ളി നരിക്കുനി സ്വദേശിനി ബുഷറയിൽ നിന്നാണ് ക്വട്ടേഷൻ സംഘം ഒരു കിലോയോളം വരുന്ന സ്വർണം തട്ടിയെടുത്തത്. ബുഷറയുടെ മകൻ മുഹമ്മദ് മുബാറക്കിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഘം വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബുഷറയിൽ നിന്ന് സ്വർണം കൈക്കലാക്കിയെന്നാണ് വിവരം. പിന്നീട് ഉമ്മയേയും മകനേയും കൂത്തുപറമ്പ് നീറോളിച്ചാലിലെ ലോഡ്ജിൽ എത്തിച്ച് ബലമായി താമസിപ്പിക്കുകയായിരുന്നു.
യുവതി കൂത്തുപറമ്പിലെ ലോഡ്ജിൽ ഉണ്ടെന്ന് മനസ്സിലാക്കിയ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘം ബുധനാഴ്ച പുലർച്ചെ മൂന്നോടെ നീറോളിച്ചാലിലെ ലോഡ്ജിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്ന് ഉമ്മയേയും മകനേയും ആക്രമിക്കുകയും ബാഗ് ഉൾപ്പെടെ കൈക്കലാക്കുകയും ചെയ്തിരുന്നു.