നീറ്റ് പി.ജി. ജൂലായ് ആദ്യം, ഈവർഷം ദേശീയ എക്സിറ്റ് പരീക്ഷയില്ല – എൻ.ടി.എ

Share our post

ന്യൂഡൽഹി: നീറ്റ് ബിരുദാനന്തര പരീക്ഷ ജൂലായ് ആദ്യവും കൗൺസലിങ് ഓഗസ്റ്റ് ആദ്യവും നടക്കും. ദേശീയ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) ഈ വർഷം നടത്തില്ലെന്നും എൻ.ടി.എ. വൃത്തങ്ങൾ വ്യക്തമാക്കി.

2019-ലെ എം.ബി.ബി.എസ്. ബാച്ചിനെയാകും 2024-ൽ നടക്കുന്ന ആദ്യ നെക്സ്റ്റിന് പരിഗണിക്കുകയെന്നായിരുന്നു എൻ.എം.സി. ആദ്യം അറിയിച്ചത്. ഇതിനെതിരേ വിദ്യാർഥികളും അധ്യാപകരും സാമൂഹികമാധ്യമങ്ങളിൽ നെക്സ്റ്റ് ബഹിഷ്കരണ കാമ്പയിൻ ആരംഭിച്ചിരുന്നു.

ഒപ്പം, നെക്സ്റ്റിന്റെ യോഗ്യതാ പെർസന്റൈൽ, രണ്ടുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയുടെ ഇടവേളകൾ എന്നിവ പുനരാലോചിക്കാനാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്കും എൻ.എം.സി.ക്കും വിദ്യാർഥികൾ കത്തും അയച്ചു. ഇതിനുപിന്നാലെ പുതിയ അറിയിപ്പുണ്ടാകുംവരെ നെക്സ്റ്റ് നടത്തില്ലെന്ന് എൻ.എം.സി. സെക്രട്ടറി ഡോ. പുൽകേഷ് കുമാർ നോട്ടീസിലൂടെ അറിയിച്ചു.

ഇന്ത്യയിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യാനും മെഡിക്കൽ പി.ജി. പ്രവേശനത്തിനുമാണ് നെക്സ്റ്റ് നടത്താൻ തീരുമാനിച്ചത്. വിദേശത്തുനിന്ന്‌ എം.ബി.ബി.എസ്. പഠിച്ചെത്തുന്നവർക്കുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷയ്ക്കുപകരമായും നെക്സ്റ്റിനെ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!