കേരള പൊലീസിന് ഇനി സൈബർ ഡിവിഷനും; ആഭ്യന്തര വകുപ്പിന്‍റെ അംഗീകാരം

തിരുവനന്തപുരം: കേരള പൊലീസിൽ ഇനി മുതൽ സൈബർ ഡിവിഷനും. ആധുനിക സൗകര്യത്തോടെ സൈബർ ഡിവിഷൻ ആരംഭിക്കുന്നതിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി.സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണം, ഗവേഷണം, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പൊലീസ് സംവിധാനങ്ങളെല്ലാം ഇനി സൈബർ ഡിവിഷന് കീഴിൽ വരും.
സംസ്ഥാന പൊലീസ് മേധാവിയുടെ ശിപാർശയിലാണ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്.സൈബർ ഡിവിഷൻ ആസ്ഥാനം, സൈബർ പട്രോളിങ്, സൈബർ പൊലീസ് സ്റ്റേഷൻ എന്നിവ ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകൾ കണ്ടത്താനും അനുമതി നൽകിയിട്ടുണ്ട്.തിരുവനന്തപുരം ആസ്ഥാനമായുള്ള സൈബർ ഡിവിഷനെ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നയിക്കും. രണ്ട് എസ്.പിമാരും നാല് ഡി.വൈ.എസ്.പിമാരും ഉൾപ്പെടെ 466 പേരെ നിയമിക്കും.