നിക്ഷേപത്തട്ടിപ്പ്: റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് കമ്പനിക്കെതിരേ കേസ്

Share our post

കണ്ണൂർ : കണ്ണൂർ ആസ്ഥാനമായുള്ള റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് കമ്പനി നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തേർത്തല്ലി സ്വദേശിയായ കമ്പനി ചെയർമാൻ രാഹുൽ ചക്രപാണിയുടെയും ഡയറക്ടർമാരുടെയും പേരിൽ കണ്ണൂർ ടൗൺ പോലീസാണ് കേസെടുത്തത്. രാഹുൽ ചക്രപാണിയെ കസ്റ്റഡിയിലെടുത്തു.

കണ്ണൂരിലെ നിധിൻ, മോഹനൻ എന്നിവരുടെ പരാതിയിലാണ് കേസ്. നിധിൻ കമ്പനിയിൽ മൂന്നുലക്ഷം രൂപയും മോഹനൻ 10 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. കണ്ണൂർ ടീച്ചേഴ്‌സ് ട്രെയ്‌നിങ് ഇൻസ്റ്റിറ്റ്യൂട്ടിന് എതിർവശത്തെ കെട്ടിടത്തിലാണ് റോയൽ ട്രാവൻകൂർ കമ്പനിയുടെ ആസ്ഥാനം. ഇവിടേക്ക് വെള്ളിയാഴ്ച രാവിലെ മുതൽ കമ്പനിയുടെ ജില്ലയിലെ ശാഖകളിലെ നൂറോളം ജീവനക്കാരെത്തി.

നിക്ഷേപകർ പണം തിരികെ ചോദിച്ച് എത്തുന്നുണ്ടെന്നും അത് വേഗത്തിൽ നൽകണമെന്നും മറ്റും ആവശ്യപ്പെട്ടാണ് പ്രതിഷേധവുമായി ജീവനക്കാരെത്തിയത്. വൈകിട്ട് അഞ്ചോടെ പോലീസുകാരെത്തി രാഹുൽ ചക്രപാണിയെ കസ്റ്റഡിയിലെടുത്തു. അവിടെ പ്രതിഷേധിച്ച ഒരാളെയും കസ്റ്റഡിയിലെടുത്തു. ഇതോടെ ജീവനക്കാർ കൂട്ടത്തോടെ ടൗൺ പോലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനു മോഹൻ ജീവനക്കാരോട് കാര്യങ്ങൾ വിശദീകരിച്ചു.

കുറച്ചുകാലമായി സ്ഥാപനത്തിനെതിരെ നിരന്തരം പരാതികളുയരുന്നുണ്ട്. ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് നേരത്തേ നിരവധി പരാതികളുയർന്നിരുന്നു. എന്നാൽ ആരും പോലീസിൽ പരാതി നൽകിയിരുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്പനിക്ക് 83 ശാഖകളുണ്ട്. ഇതിൽ പലതും പൂട്ടിയതായാണ് നിക്ഷേപകർ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!