പുതുവത്സര സമ്മാനമായി മോദിയുടെ വക സൗജന്യ ഫോൺ റീചാർജ് എന്നത് വ്യാജപ്രചാരണം

ഇന്ത്യൻ പൗരന്മാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവത്സര സമ്മാനം നൽകുന്നു എന്ന തരത്തിൽ ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൂന്നു മാസത്തെ സൗജന്യ ഫോൺ റീചാർജാണ് സമ്മാനമായി നൽകുന്നത് എന്നാണ് സന്ദേശത്തിൽ പറയുന്നത്. സൗജന്യ റീച്ചാർജ് നേടുന്നതിനായി രജിസ്റ്റർ ചെയ്യാനുള്ളതെന്ന തരത്തിൽ ഒരു ലിങ്കും ഇതിൽ നൽകിയിട്ടുണ്ട്.
യഥാർഥത്തിൽ, നരേന്ദ്രമോദിയോ ബി.ജെ.പിയോ ഇത്തരത്തിലൊരു ഓഫറും നൽകിയിട്ടില്ല. ഇതൊരു വ്യാജ പ്രചാരണമാണ്. ബി.ജെ.പിയുടെ ഔദ്യോഗിക വെബ്സൈറ്റിനോട് വളരെയധികം സാമ്യമുള്ള ഒരു ലിങ്കാണ് പ്രചരിക്കുന്നത്. പക്ഷെ, അതിൽ ക്ലിക്ക് ചെയ്താൽ എത്തുന്നത് ഒരു വ്യാജ വെബ്പേജിലേക്കാണ്. ഇതിൽ നമ്മുടെ ഫോൺ നമ്പറുൾപ്പടെയുള്ള വ്യക്തിവിവരങ്ങൾ നൽകാനായി ആവശ്യപ്പെടും. ഇങ്ങനെ ചെയ്താൽ സൗജന്യ ഫോൺ റീച്ചാർജ് ലഭിക്കുകയല്ല. പകരം നമ്മുടെ വ്യക്തിവിവരങ്ങൾ ചോരാനാണ് സാധ്യത. മാത്രമല്ല, ഇതുപോലെയുള്ള ലിങ്കുകൾ തുറക്കുന്നതിലൂടെ ഫോണുകളിൽ വൈറസും കയറിയേക്കാം.
മുൻപ്, ഇതേ സന്ദേശം ഹിന്ദിയിലും പ്രചരിച്ചിരുന്നു. പ്രസ്തുത പ്രചാരണം വ്യാജമാണ് എന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അന്ന് വ്യക്തമാക്കിയിരുന്നു. ഇതാദ്യമായല്ല ഇത്തരത്തിൽ സൗജന്യ മൊബൈൽ റീച്ചാർജ് എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. പല പ്രമുഖ നടന്മാരുടെയും സ്ഥാപനങ്ങളുടെയും പേരിൽ നിരവധി തവണ ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിച്ചിട്ടുണ്ട്.