‘ചെമ്മീന്‍’ നോവല്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത തക്കാക്കോ അന്തരിച്ചു

Share our post

കൊച്ചി: തകഴിയുടെ ചെമ്മീന്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ (79) അന്തരിച്ചു. ജപ്പാനിലെ ഇറ്റാമി സ്വദേശിയായിരുന്ന തക്കാക്കോ ഡിഗ്രി സെക്കൻഡ്‌ ഇയറിന് പഠിക്കുമ്പോളാണ് കൂനമ്മാവ് സ്വദേശിയും ജപ്പാനിൽ മർച്ചന്റ് നേവിയിൽ ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥനുമായിരുന്ന തോമസ് മുല്ലൂരിനെ പരിചയപ്പെടുന്നത്. 1967-ല്‍ ഇരുവരും വിവാഹിതരായി .ബി.എഡ്. എടുത്ത് ലോക്കൽ ഗവൺമെന്റ് ഓഫീസ് ആയ സിറ്റി ഓഫീസിൽ റിസപ്ഷനിസ്റ്റായി ജോലിചെയ്യുകയായിരുന്നു തക്കോക്ക അപ്പോൾ. പിന്നീട് ഇരുവരും കേരളത്തിലെത്തി സ്ഥിരതാമസാക്കി.

കൂനമ്മാവ് സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലെ കന്യാസ്ത്രീയായിരുന്ന ഗ്ലാഡിസാണ് തക്കാക്കോയെ മലയാളം പഠിപ്പിച്ചത്. അഞ്ചാംക്ലാസിലെ മലയാളം പാഠാവലിവെച്ചാണ് പഠനം തുടങ്ങിയത്. ഭർത്താവ് തോമസിന്റെ ബന്ധുക്കളുടെ പ്രോത്സാഹനം കൂടിയായപ്പോൾ മലയാളം വേഗം പഠിച്ചെടുക്കാനായി.പിന്നീട് എല്ലാ മലയാളം പുസ്തകങ്ങളും വായിക്കാൻ തുടങ്ങി.

തക്കാക്കോയ്ക്ക് ചെമ്മീൻ നോവൽ പരിചയപ്പെടുത്തിയത് തോമസ് മുല്ലൂരാണ്. ചെമ്മീന്റെ ഇംഗ്ലീഷ് കോപ്പിയാണ് ആദ്യം നൽകിയത്. തുടർന്നാണ് മലയാളത്തിലുള്ള നോവൽ വായിക്കുന്നത്. പുസ്തകം വായിച്ചു തീർത്തപ്പോൾ തന്നെ തന്റെ നാടിനെയത് പരിചയപ്പെടുത്തണമെന്ന ആശ മനസ്സിൽ ഉദിച്ചു. അങ്ങനെ തകഴിയെ നേരിൽ കണ്ട് അനുമതി വാങ്ങി. 1976-ൽ പരിഭാഷയും പൂർത്തിയാക്കി. എബി എന്ന പേരിൽ തയ്യാറാക്കിയ പരിഭാഷ പക്ഷേ, പുസ്തക രൂപത്തിൽ ഇറക്കണമെന്ന ആഗ്രഹം പൂർത്തിയാക്കാനായില്ല.

ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയിലെ നോവലായതുകൊണ്ട് അവിടത്തെ പ്രസാധകർ അതിനെ വേണ്ടപോലെ പരിഗണിച്ചില്ല. പുസ്തകരൂപത്തിൽ വരുന്നതിന് അത് തടസ്സമായി. തക്കാക്കോയും കുടുംബവുമെല്ലാം അതിനുവേണ്ടി കുറേ ശ്രമിച്ചുനോക്കിയെങ്കിലും ഒന്നും നടന്നില്ല. പിന്നീട് കൂടുതൽ പരിശ്രമവും നടത്തിയില്ല. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ അടക്കം 12 കഥകളും തക്കാക്കോ ജാപ്പാനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ജപ്പാനിൽ നിന്നിറങ്ങുന്ന ഇന്ത്യയെക്കുറിച്ചുള്ള മാഗസിനായ ഇൻഡോ തുശിനിലാണ് ഈ കഥകൾ അച്ചടിച്ച് വന്നത്.

കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ ഗസ്റ്റ് ലക്ചററായി 16 വർഷത്തോളം ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറിൻലാംഗ്വേജിൽ ജോലിചെയ്തിരുന്നു തക്കാക്കോ. പിന്നീട് ദ്വിഭാഷിയായി കൊച്ചിൻ ഷിപ്പ്‌യാർഡിൽ മൂന്നുവർഷവും ജോലി ചെയ്തു. തോമസ്-തക്കാക്കോ ദമ്പതിമാർക്ക് രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. ഒരു മകൾ കാനഡയിലാണ്. രണ്ടാമത്തെ മകൾ കേരളത്തിലും ഇവിടെയുണ്ട്. മകൻ മർച്ചന്റ് നേവിയിലാണ് ജോലി ചെയ്യുന്നത്. 2014 ൽ ഒരു ബസ്സപകടത്തെത്തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു തക്കാക്കോ. അപകടത്തെത്തുടർന്ന് സംസാരിക്കാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നു. ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സംസാരശേഷി തിരിച്ച്കിട്ടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!