കാലം തെറ്റിയ മഴയിൽ നിലതെറ്റി കൃഷിയിടങ്ങൾ

രണ്ട് ദിവസമായി ചെയ്യുന്ന മഴ കാർഷികമേഖലയ്ക്കുണ്ടാക്കിയത് അപ്രതീക്ഷിത നഷ്ടം.പച്ചക്കറി തൊട്ട് റബ്ബർ വരെയുള്ള വിളകൾക്ക് കനത്ത തിരിച്ചടിയാണ് ജനുവരിയുടെ തുടക്കത്തിൽ പതിവ് തെറ്റിയെത്തിയ മഴ വരുത്തിയിരിക്കുന്നത്.നവംബർ ,ഡിസംബറിൽ മാസങ്ങളിലുണ്ടായ മഴ പച്ചക്കറികൃഷിയെ ബാധിച്ചിരുന്നു. ഇതുമൂലം വിത്തിട്ടത് തന്നെ ഏറെ വൈകിയാണ്.
തൈകൾ മുളച്ച് കായ്ക്കാൻ പാകമാകുമ്പോൾ എത്തിയ മഴ ചീയലിന് ഇടയാക്കുകയാണ്.താഴ്ന്ന വയലുകളിലെ ചീര അടക്കമുള്ളവയേയും മഴ സാരമായി ബാധിച്ചു.നവംബർ ഡിസംബർ മാസങ്ങളിലെ തണുപ്പിലാണ് കശുമാവും മാവുമെല്ലാം പൂക്കുന്നത്. എന്നാൽ ഈ വർഷം ഇടക്കിടെ പെയ്ത മഴ മൂലം കാര്യമായ തണുപ്പ് ഉണ്ടായിട്ടില്ല. കശുമാവും മാവും പൂക്കാൻ ഇനിയും വൈകുന്നതിന് ഇത് കാരണമായേക്കാം.റബ്ബറിന് ഇരുട്ടടിമഴ മാറാൻ വൈകിയതിനാൽ ഇക്കുറി തോട്ടങ്ങളിൽ റബ്ബർ ടാപ്പിംഗ് ഏറെ വൈകിയിരുന്നു.
ഇലപൊഴിയൽ തുടങ്ങുകയും കൂടി ചെയ്തതോടെ പാലുത്പാദനം വളറെ കുറഞ്ഞ തോതിലുമായിരുന്നു. ഈർപ്പം കൂടിയ അന്തരീക്ഷവും മഴയും കൂടിയായതോടെ ടാപ്പിംഗ് വീണ്ടും മുടങ്ങിയിരിക്കുകയാണ്. മുൻവർഷങ്ങളിൽ ലഭിച്ചതിന്റെ പാതി പോലും റബ്ബർ ഉത്പാദനം ഇക്കുറിയുണ്ടാകില്ലെന്നാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവർ പരിതപിക്കുന്നത്.
വിലത്തകർച്ചയും തൊഴിലാളി ക്ഷാമവും മൂലം നട്ടംതിരിയുന്ന കർഷകർ കാലാവസ്ഥ കൂടി വില്ലനാകുന്നതോടെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ്. രണ്ട് ദിവസങ്ങളിലായി വന്ന മഴ കശുമാവ്, മാവ് എന്നിവ പൂക്കുന്നത് വൈകാനിടയുണ്ട്. പച്ചക്കറി നട്ടവയലുകളിൽ രോഗ കീടങ്ങൾ വർദ്ധിക്കാനിടയുണ്ട്. തെളിഞ്ഞ ആകാശമാണ് പച്ചക്കറികൾക്ക് വേണ്ടത്. ഡോ.കെ.എം.ശ്രീകുമാർ. കാർഷിക കോളേജ് പടന്നക്കാട്.