മഴനീളുമോ; ആശങ്കയിൽ കർഷകർ

Share our post

കണ്ണൂർ : തണ്ണുപ്പുണ്ടാകേണ്ട സമയത്ത് മഴ പെയ്യുന്നതിന്റെ ആശങ്കയിലാണ് മാവ്, കശുമാവ് കർഷകർ. എല്ലായിനം മാവുകളും കശുമാവും പൂത്തുതുടങ്ങുന്ന സമയമാണിപ്പോൾ. മഴപെയ്യുന്നത് ഉത്പാദനത്തെ ബാധിക്കുമെന്ന പേടിയാണ് കർഷകർക്ക്. മാവുകൾ പൂക്കുന്നത് വൈകിയാൽ വിളവെടുപ്പും വൈകും. ഇതിനുപുറമെ അന്തരീക്ഷത്തിൽ ഈർപ്പം നിലനിന്നാൽ കുമിൾരോഗങ്ങൾ പടരാനും ഇടയാക്കും. നല്ല മഞ്ഞും തണുപ്പും വെയിലും മാവുകൾ പൂക്കുന്നതിനാവശ്യമാണ്.

ജില്ലയിലെ പ്രധാന മാവിനമായ കുറ്റ്യാട്ടൂർ മാവും പൂവിടേണ്ട സമയമായി. തുടർച്ചയായി മഴപെയ്യുന്നത് പൂവിടുന്നത് മരവിപ്പിക്കും. കശുമാവ് പലസ്ഥലത്തും പൂത്തുതുടങ്ങി. ഏപ്രിലിൽ വിളവെടുപ്പ് പൂർത്തിയായാലേ മാവ്, കശുവണ്ടി കർഷകർക്കും ഗുണമുള്ളൂ.

തേൻ ഉത്പാദനത്തെയും ബാധിക്കും

റബ്ബർത്തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും തേനീച്ചക്കൃഷി. ജനുവരി പകുതിയോടെ റബ്ബർമരങ്ങളുടെ ഇലകൾ പൊഴിഞ്ഞ് പുതിയ നാമ്പുകൾ വിരിയും. ഈ നാമ്പിൽനിന്നാണ് ഈച്ചകൾ തേൻ ശേഖരിക്കുന്നത്. ഈ സമയത്താണ് തേനിന്റെ ഉത്പാദനം ഏറ്റവും കൂടുതൽ നടക്കുന്നത്. മഴപെയ്താൽ നാമ്പുകൾ വിരിയുന്നത് വൈകും.

മണ്ണിന്റെ ഉപരിതലത്തിൽ വേരുകൾ പടരുന്ന തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക് എന്നിവയ്ക്ക് ഇപ്പോഴത്തെ മഴ ഗുണംചെയ്യും.

കാലം തെറ്റിയ മഴ ആശങ്കയുണ്ടാക്കുന്നു

കാലം തെറ്റിയ മഴ നീണ്ടുനിൽക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. മഴ നീണ്ടുനിന്നാൽ മാവു കൃഷിക്കാരെയാണ് കൂടുതൽ ബാധിക്കുക. കുറ്റ്യാട്ടൂർ മാവുകൾ പൂത്തുതുടങ്ങുന്നതേയുള്ളൂ. മാങ്ങയുടെ കാര്യത്തിൽ എപ്പോഴും ഭാഗ്യപരീക്ഷണമാണ്. മാവുകൾ പൂത്താൽ എപ്പോൾ മഴ പെയ്താലും പ്രശ്നമാണ്. മാവുകൾ പൂത്ത്, മാങ്ങകൾ പറിച്ചെടുക്കുന്നതുവരെ മഴ പെയ്തില്ലങ്കിൽ കൃഷിക്കാർക്ക് നേട്ടമാവും. എം.പി. ഹരീന്ദ്രൻ, കർഷകൻ, പോന്താറമ്പ്-കുറ്റ്യാട്ടൂർ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!