സഹകരണ നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ചു; പത്ത് മുതൽ പ്രാബല്യത്തിലാകും

Share our post

തിരുവനന്തപുരം : സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ ഉയർത്തി. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കാണ്‌ വർധിപ്പിച്ചത്. ഒരു വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനവും ഒരു വർഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.75 ശതമാനവുമാണ് വർധന. ഇതോടെ ദേശസാൽക്കൃത ബാങ്കുകൾ, ഇതര ബാങ്കുകൾ എന്നിവയേക്കാൾ കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭിക്കുമെന്ന്‌ മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിനുമുമ്പ്‌ പലിശനിരക്കിൽ മാറ്റം വരുത്തിയത്. കറന്റ്‌ അക്കൗണ്ട്‌, സേവിങ്‌സ്‌ അക്കൗണ്ട്‌ എന്നിവയിലെ നിക്ഷേപങ്ങൾക്കും പലിശനിരക്ക്‌ വർധിപ്പിച്ചിട്ടുണ്ട്.

സഹകരണമേഖലയിൽ നിക്ഷേപ സമാഹരണം പത്ത് മുതൽ

സഹകരണ വായ്‌പാമേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള നിക്ഷേപ സമാഹരണം പത്ത്മു തൽ ഫെബ്രുവരി പത്ത് വരെ സംഘടിപ്പിക്കുമെന്ന്‌ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഈ ക്യാമ്പയിൻ മുതൽ പുതുക്കിയ പലിശ ലഭ്യമാക്കും. സംസ്ഥാനതല ഉദ്ഘാടനം പത്തിന് പകൽ 11ന്‌ തിരുവനന്തപുരത്ത്‌ മന്ത്രി നിർവഹിക്കും. ക്യാമ്പയിനിലൂടെ 9150 കോടി രൂപ സമാഹരിക്കും. പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ 7250 കോടി, കേരള ബാങ്ക് വഴി 1750 കോടി, സംസ്ഥാന സഹകരണ കാർഷികവികസന ബാങ്കിലൂടെ 150 കോടി എന്നിങ്ങനെ സമാഹരിക്കും.

സഹകരണ ബാങ്കുകളിലെ വായ്‌പാ കുടിശ്ശിക തീർപ്പാക്കുന്നതിന്‌ നവംബർ ഒന്നിന്‌ ആരംഭിച്ച ‘നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ’ ക്യാമ്പയിൻ 31 വരെ തുടരുമെന്നും മന്ത്രി അറിയിച്ചു. നവകേരള സദസ്സിൽനിന്നുൾപ്പെടെ ലഭിച്ച പരാതികൾ പരിഹരിക്കുന്നതിനുവേണ്ടിയാണ്‌ തീയതി നീട്ടിയതെന്നും അദ്ദേഹം പറഞ്ഞു. തുറമുഖവകുപ്പ്‌ ഏറ്റെടുത്തശേഷം ഉദ്യോഗസ്ഥരുടെ യോഗം ചേർന്നതായും മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിന്‌ സഹകരണമേഖലയുടെ സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകുമെന്നും മന്ത്രി അറിയിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!