ക്ലിക്ക് ചെയ്യുന്നതെല്ലാം ഫേസ്ബുക്ക് നോക്കും; പുതിയ ‘ലിങ്ക് ഹിസ്റ്ററി’ ഫീച്ചർ പ്രഖ്യാപിച്ച് കമ്പനി

Share our post

പരസ്യ വിതരണത്തിനായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച സ്ഥാപനമാണ് ഫേസ്ബുക്ക്. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവ പരസ്യ വിതരണത്തിനായി ഉപയോഗിച്ചതിന്റെയും പേരില്‍ ഫേസ്ബുക്ക് പല തവണ പഴികേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഫേസ്ബുക്കിന്റെ മൊബൈല്‍ ആപ്പില്‍ ‘ലിങ്ക് ഹിസ്റ്ററി’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ.

ഇത് എല്ലാ ഫേസ്ബുക്ക് ഉപഭോക്താക്കളുടേയും ഫോണില്‍ ആക്റ്റിവേറ്റ് ആയിരിക്കും. അതായത് ഉപഭോക്താവ് ഫേസ്ബുക്ക് ആപ്പില്‍ എന്തെല്ലാം ക്ലിക്ക് ചെയ്യുന്നോ അതെല്ലാം ഫേസ്ബുക്ക് ശേഖരിക്കും. നിങ്ങളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ എത്തിക്കുന്നതിനായി ആ വിവരങ്ങള്‍ ഉപയോഗിക്കും. എന്നാല്‍ ഈ ഫീച്ചര്‍ ഓഫ് ചെയ്തുവെക്കാന്‍ ഉപഭോക്താവിന് സാധിക്കും.

ഒരു തരത്തില്‍ യൂട്യബിലെ വാച്ച് ഹിസ്റ്ററിയ്ക്ക് സമാനമാണ് ഈ ഫീച്ചര്‍. എന്തെല്ലാം ലിങ്കുകള്‍ നിങ്ങള്‍ ക്ലിക്ക് ചെയ്തിട്ടുണ്ടെന്ന വിവരങ്ങള്‍ ലിങ്ക് ഹിസ്റ്ററിയില്‍ ഫേസ്ബുക്ക് സൂക്ഷിച്ചുവെക്കും. ഫേസ്ബുക്കില്‍ ക്ലിക്ക് ചെയ്യുന്ന വിവരങ്ങള്‍ വീണ്ടും കാണാന്‍ ഉപഭോക്താവിനും ഉപകരിക്കും.

ഫേസ്ബുക്കില്‍ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഫേസ്ബുക്ക് മൊബൈല്‍ ബ്രൗസറില്‍ തുറക്കുന്ന ലിങ്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലിങ്ക് ഹിസ്റ്ററിയിലുണ്ടാവും. ഏത് സമയം വേണമെങ്കിലും ലിങ്ക് ഹിസ്റ്ററി ഡീ ആക്റ്റിവേറ്റ് ചെയ്യാനും ആക്ടിവേറ്റ് ചെയ്യാനും സാധിക്കും. എന്നാല്‍ ഫീച്ചര്‍ എത്തുമ്പോള്‍ എല്ലാവര്‍ക്കും ഇത് ആക്ടിവേറ്റ് ആയിരിക്കും. 30 ദിവസത്തേക്കാണ് ഹിസ്റ്ററി സൂക്ഷിച്ചുവെക്കുക. മെസഞ്ചര്‍ ചാറ്റുകളിലെ ലിങ്കുകള്‍ ഇതില്‍ ഉണ്ടാവില്ല.

ലിങ്ക് ഹിസ്റ്ററി ഓഫ് ആക്കിയാല്‍ അതുവരെ ശേഖരിച്ചുവെച്ച ഹിസ്റ്ററി 90 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യും. ഫീച്ചര്‍ ഇതുവരെ എല്ലായിടത്തും ലഭ്യമാക്കിയിട്ടില്ല. ആഗോള തലത്തില്‍ പിന്നീട് ലഭ്യമാക്കുമെന്ന് ഫേസ്ബുക്ക് പറഞ്ഞു.

ലിങ്ക് ഹിസ്റ്ററി എങ്ങനെ ഓഫ് ചെയ്യാം ?

ഇതിനായി ആദ്യം ഫേസ്ബുക്ക് മൊബൈല്‍ ബ്രൗസറില്‍ ലിങ്കുകള്‍ എന്തെങ്കിലും തുറക്കുക.

താഴെ വലത് ഭാഗത്തുള്ള മോര്‍ ആക്ഷന്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുക

ബ്രൗസര്‍ സെറ്റിങ്‌സ് തിരഞ്ഞെടുക്കുക

ലിങ്ക് ഹിസ്റ്ററി ഡിസേബിള്‍ ചെയ്യാം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!