വെറും 5000 രൂപയ്ക്ക് ഹെലിക്കോപ്റ്റര്‍ യാത്ര; വയനാടിനെ ആകാശത്ത് നിന്ന് കാണാം

Share our post

പൂക്കാഴ്ചകള്‍ക്കും റൈഡുകള്‍ക്കും പുറമേ വയനാട് ഫ്ളവര്‍ഷോയില്‍ ഇനി ആകാശക്കാഴ്ചകളും കാണാം. മൂന്നുദിവസം നടക്കുന്ന ഹെലികോപ്റ്റര്‍ യാത്ര ബുധനാഴ്ച തുടങ്ങും. ഇതിനോടകം നൂറുപേര്‍ ഹെലികോപ്റ്റര്‍ സവാരിക്കായി ടിക്കറ്റുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. വെള്ളിയാഴ്ചവരെയാണ് ഹെലികോപ്റ്റര്‍ സവാരി.

5000 രൂപയാണ് ചാര്‍ജ്. ചുരത്തിലേക്കും ബാണാസുരസാഗര്‍ ഡാം ഭാഗത്തേക്കുമായിരിക്കും ഹെലിക്കോപ്റ്റര്‍ യാത്ര. വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കല്പറ്റ ബൈപ്പാസില്‍ വയനാട് ഫ്ളവര്‍ഷോ നടക്കുന്നത്.

അവധിക്കാലം ആസ്വദിക്കാന്‍ സഞ്ചാരികളുള്‍പ്പെടെ ആളുകള്‍ കൂട്ടത്തോടെ ബൈപ്പാസിലെ ഫ്ളവര്‍ഷോ നഗരിയില്‍ എത്തുകയാണിപ്പോള്‍. പൂക്കള്‍ കണ്ട് ആസ്വദിച്ചും റൈഡുകളില്‍ കറങ്ങിയും ഏറെനേരം ചെലവഴിച്ചാണ് കുടുംബങ്ങള്‍ മടങ്ങുന്നത്.

ജലധാരയാണ് ഫ്ളവര്‍ഷോയില്‍ എത്തുന്നവരെ ആദ്യം സ്വാഗതംചെയ്യുക. ചുറ്റിലും ലൈറ്റുകളുമായി രാത്രി ജലധാരയുടെ ഭംഗികൂടും. നിരനിരയായുള്ള പൂക്കളാണ് അടുത്ത കാഴ്ച. റോസ്, ഡാലിയ, ജമന്തി, ആന്തൂറിയം, 16 ഇനം ബോഗണ്‍വില്ല, ലില്ലിയം, പോയന്‍സിറ്റിയ, ബോള്‍സം, മെലസ്റ്റോമ തുടങ്ങി ഒട്ടേറെ പൂക്കാഴ്ചകള്‍, ഫല, സസ്യപ്രദര്‍ശനം എന്നിവയാണ് പിന്നീടങ്ങോട്ട്. സെല്‍ഫിയെടുക്കാനായി സെല്‍ഫികോര്‍ണറും ഒരുക്കിയിട്ടുണ്ട്. പഴയ രാജ്ദൂത് ബൈക്ക് വെച്ചുള്ള ഫോട്ടോസെഷനും ആകര്‍ഷകമാണ്.
ഇതുകഴിഞ്ഞാല്‍ വീണ്ടും ജലധാരയും അമ്യൂസ്‌മെന്റ് പാര്‍ക്കുമാണ്. യന്ത്ര ഊഞ്ഞാല്‍, കുട്ടികള്‍ക്കായുള്ള വിവിധ റൈഡുകള്‍ എന്നിവയാണ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം. എന്നും വൈകീട്ടുള്ള കലാപരിപാടികള്‍ക്കും കാഴ്ചക്കാരേറെയാണ്. ഏഴുമണിക്കാണ് കലാപരിപാടികള്‍ തുടങ്ങുക. വൈകീട്ട് അഞ്ചുമണിയാകുമ്പോഴേക്ക് തിരക്കുകൂടും. പൂക്കള്‍കണ്ട് കലാപരിപാടികളും ആസ്വദിച്ച് ആളുകള്‍ മടങ്ങും. ഗാനമേള, മിമിക്സ്പരേഡ്, കോമഡിഷോ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് ദിവസവും. ഫ്‌ളവര്‍ഷോ പത്തിന് സമാപിക്കും.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!