കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതൽ ഓൺലൈനായി

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ ഈ വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിൽ നടത്താൻ തീരുമാനം. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് മന്ത്രിസഭാ യോഗം സാധുകരിച്ചു. നിലവിൽ രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് പേപ്പറുകളിൽ ഒ.എം.ആർ അധിഷ്‌ഠിത പേപ്പർ -പെൻ രീതിയിൽ നടത്തുന്ന പരീക്ഷ ഇനി മുതൽ മൂന്ന് മണിക്കൂറുള്ള ഒറ്റ പരീക്ഷയായിരിക്കും.

ജെ.ഇ.ഇ പരീക്ഷ മാതൃകയിൽ ഒന്നിലധികം ചോദ്യപേപ്പർ ഉപയോഗിച്ച് വ്യത്യസ്ത ദിവസങ്ങളിലായിരിക്കും പരീക്ഷ. പ്രവേശന പരീക്ഷയിലെ യഥാർഥ സ്കോർ പരിഗണിക്കുന്നതിന് പകരം അഖിലേന്ത്യ പ്രവേശന പരീക്ഷകളിൽ പിന്തുടരുന്ന ‘പെർസന്റയിൽ’ സ്കോർ രീതി കേരള എൻട്രൻസിലും നടപ്പാക്കാനാണ് പ്രവേശന പരീക്ഷ കമീഷണർ സമർപ്പിച്ച ശിപാർശയിൽ നിർദേശിച്ചത്.

കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ ഒന്നിലധികം ബാച്ചുകളായി നടത്തേണ്ടതിനാൽ അന്തിമ റാങ്ക് പട്ടിക ശാസ്ത്രീയമായ സ്റ്റാൻ്റേഡൈസേഷൻ രീതിയിൽ തയാറാക്കും. പരീക്ഷ നടത്തിപ്പിന് സാങ്കേതിക സഹായം ലഭ്യമാക്കുന്ന ഏജൻസിയെ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് വൈകാതെ തീരുമാനമെടുക്കും. 80999 പേരാണ് കഴിഞ്ഞ വർഷം കേരള എൻട്രൻസ് എഴുതിയത്.  ഫല പ്രഖ്യാപനം വേഗത്തിലാക്കും എന്നതടക്കമുള്ള നേട്ടങ്ങളാണ് പരീക്ഷാ രീതിയിലെ മാറ്റം വഴി പ്രതീക്ഷിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!