ശലഭങ്ങളിൽ പുതിയ താരമായി മേഘമല വെള്ളിവരയൻ

കണ്ണൂർ: പശ്ചിമഘട്ടത്തിലെ പ്രകൃതിസ്നേഹികൾക്ക് പുതുവത്സര സമ്മാനമായി ശലഭ ഗവേഷകരുടെ കണ്ടെത്തൽ. 33 വർഷത്തിന് ശേഷം മഹാരാഷ്ട്ര മുതൽ കന്യാകുമാരി വരെ നീണ്ട് നിൽക്കുന്ന പശ്ചിമഘട്ട മേഖലയിൽനിന്ന് പുതിയ ഒരു ചിത്രശലഭത്തെ കണ്ടെത്തിയതായി പ്രശസ്ത ശാസ്ത്ര ജേണലായ എന്റോമോണിന്റെ പുതിയ പതിപ്പിലാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ റിസർച്ച് അസോസിയേറ്റ്സ് ഡോ.കലേഷ് സദാശിവന്റെ നേതൃത്വത്തിലായിരുന്നു കണ്ടെത്തൽ.
പെരിയാർ ഭൂപ്രകൃതിയിലുള്ള മേഘമല മലനിരകളിൽ നിന്നാണ് വെളളിവരയൻ ( സിഗരൈറ്റിസ് )വിഭാഗത്തിൽപെട്ട സിഗരൈറ്റിസ് മേഘമലയെൻസ് എന്ന ചിത്ര ശലഭത്തെ തിരിച്ചറിഞ്ത്. മേഘമലൈ ക്ലൗഡ് ഫോറെസ്റ്റ് സിൽവർ ലൈൻ ( മേഘമല വെള്ളിവരയൻ) എന്നാണ് ഇത് അറിയപ്പെടുക.പെരിയാറിലെ ഉയർന്ന പ്രദേശത്തെ ഉപഉഷ്ണമേഖലാ നിത്യഹരിത ഷോലക്കാടുകളിലാണ് ഈ ശലഭം കാണപ്പെടുന്നത്. ഇക്കാരണത്താലാണ് ക്ലൗഡ് ഫോറസ്റ്റ് സിൽവർലൈൻ എന്ന പൊതുനാമം നൽകിയത്.
ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി ഗവേഷകർ 2018ലാണ് ഇടുക്കി ജില്ലയിലെ പെരിയാറിൽ നിന്ന് ആദ്യമായി ഈ ശലഭത്തെ കാണുന്നത്. ഇതിന്റെ ശലഭപ്പുഴു ചില ഉറുമ്പുകളുമായി സഹവസിക്കുന്നതായും ഗവേഷകർ നിരീക്ഷിച്ചു. 2021ൽ കൂടുതൽ പഠനം നടത്തിയപ്പോൾ ഈ ഇനം തമിഴ്നാട്ടിലെ മേഘമലയിലും കേരളത്തിലെ പെരിയാർ കടുവാ സങ്കേതത്തിലും സാധാരണമാണെന്ന് കണ്ടെത്തി.
മുതിർന്ന ചിത്രശലഭത്തിന്റെ മുൻ ചിറകിന്റെ അടിഭാഗത്തുള്ള വരകൾ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന മറ്റെല്ലാ വെള്ളി വരയൻ ചിത്രശലഭങ്ങളിൽ നിന്നു വ്യത്യസ്തമാണ്. ഇത് പെനിൻസുലർ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന സിഗരൈറ്റിസ് വിഭാഗത്തിൽനിന്നും ഇതിനെ വേർതിരിക്കുന്നു- ഡോ. കലേഷ് സദാശിവൻ
ശലഭോദ്യാനമായി തെക്കൻ പശ്ചിമഘട്ടം
പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഏഴിനം വെള്ളിവരയൻമാരിൽ ആറെണ്ണവും തെക്കൻ പശ്ചിമഘട്ടത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇപ്പോൾ കണ്ടെത്തിയ ചിത്രശലഭം പ്രാരംഭ ഘട്ടത്തിൽ ക്രിമാറ്റോഗാസ്റ്റർ വ്രൊട്ടോണിയി എന്ന ഉറുമ്പുകളുമായി സഹവസിക്കുന്നവയാണ്.
ഉറുമ്പുകളുമായുള്ള സഹവാസം ഈ ചിത്രശലഭത്തിന്റെ പ്രാരംഭ ഘട്ടങ്ങളെയും , ശലഭത്തെ കാണപ്പെടുന്ന പരിസ്ഥിതിയെക്കുറിച്ചും കുടുതൽ വിവരങ്ങൾ നൽകുമെന്ന് ചെയ്യും.തെക്കൻ പശ്ചിമഘട്ടത്തിൽ നിന്ന് പുതിയ ഇനം വെള്ളിവരയൻ ചിത്രശലഭത്തെ കണ്ടെത്തിയതോടെ, കടുത്ത പാരിസ്ഥിതിക സമ്മർദ്ദം നേരിടുന്ന പർവതപ്രദേശങ്ങളിലെ ഷോളകളിലും മേഘക്കാടുകളിലും അഭയം തേടിയേക്കാവുന്ന പുതിയ ഇനം ജീവജാലങ്ങളെ കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്ന് മേഘമലയിലെ ജീവജാലങ്ങളെ കുറിച്ച് പഠിക്കുന്ന തേനിയിലെ വനം ട്രസ്റ്റ് സ്ഥാപകൻ ഡോ.രാജ് കുമാർ പറഞ്ഞു.