എ.ആർ.ടി മുഖേന ഗർഭധാരണത്തിന് അനുമതി നൽകി ഹൈക്കോടതി

കൊച്ചി : ഭർത്താവിന് 55 വയസ്സിനുമുകളിലാണ് പ്രായമെങ്കിൽ 50 വയസ്സിൽ താഴെയുള്ള ഭാര്യക്ക് അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നിക് (എ.ആർ.ടി) മുഖേന ഗർഭധാരണമാകാമെന്ന് ഹൈക്കോടതി. ഈ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. അമ്പത്തിയഞ്ചിൽ താഴെ പ്രായമുള്ള ഭർത്താക്കൻമാർക്കും 50 വയസ്സിനു താഴെയുള്ള ഭാര്യമാർക്കും എആർടി സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്നാണ് എ.ആർ.ടി നിയമത്തിലെ 21 (ജി) വകുപ്പിലെ വ്യവസ്ഥ. എന്നാൽ, എ.ആർ.ടി.ക്ക് ഈ രണ്ട് വ്യവസ്ഥകളും ഒരേസമയം ബാധകമാണെന്ന് പ്രഥമദൃഷ്ട്യാ ചട്ടത്തിലില്ലെന്ന് കോടതി വിലയിരുത്തി.
ഭാര്യക്ക് എ.ആർ.ടി ലഭിക്കാൻ അർഹതയുണ്ടെങ്കിലും ഭർത്താവിൽനിന്നുതന്നെ ഗമീറ്റുകൾ (പുരുഷബീജം) സ്വീകരിക്കാൻ കഴിയുമെങ്കിൽമാത്രമേ അതിന് അപേക്ഷിക്കാൻ കഴിയൂവെന്ന കേന്ദ്രസർക്കാരിന്റെ വാദം കോടതി പരിഗണിച്ചില്ല. ഭർത്താവിന് 55 വയസ്സിന് മുകളിലായതിനാൽ, ഭാര്യക്ക് 50 വയസ്സിന് താഴെയാണെങ്കിലും എ.ആർ.ടി.ക്ക് അവകാശം നഷ്ടപ്പെടുമെന്നും മറ്റൊരു ദാതാവിൽനിന്ന് ഗമീറ്റുകൾ സ്വീകരിക്കാൻ നിർബന്ധിക്കപ്പെടുമെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവിൽനിന്നുള്ള ഗമീറ്റ് പ്രായോഗികമല്ലെന്ന് കണ്ടെത്തിയാൽ ദാതാവിനെപ്പോലും സാധ്യമാക്കാമെന്നാണ് നിയമം പറയുന്നത്. ഈ സാഹചര്യത്തിലാണ് ഹർജി അനുവദിച്ച് ഉത്തരവിട്ടത്.
എന്താണ് എ.ആർ.ടി
എആർടി സംവിധാനത്തിൽ സ്ത്രീയുടെ അണ്ഡാശയത്തിൽനിന്ന് അണ്ഡങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക, ലബോറട്ടറിയിൽ ബീജവുമായി സംയോജിപ്പിക്കുക, അവ സ്ത്രീയുടെ ശരീരത്തിലേക്ക് തിരികെ നൽകുക അല്ലെങ്കിൽ മറ്റൊരു സ്ത്രീക്ക് ദാനം ചെയ്യുക തുടങ്ങിയ നടപടിക്രമങ്ങളാണുള്ളത്.