തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആദ്യം: കണ്ണൂരിൽ മലിനജല ശുദ്ധീകരണ പ്ലാന്റ്

കണ്ണൂർ:കോർപറേഷൻ പടന്നപ്പാലത്ത് സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് മേയർ അഡ്വ.ടി.ഒ.മോഹനന്റെ അദ്ധ്യക്ഷതയിൽ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥാപിച്ച ആദ്യത്തെ മലിനജലശുദ്ധീകരണ പ്ലാന്റാണ് ഇത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 27.03 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി നടപ്പിലാക്കുന്നതോടെ പ്രതിദിനം 10 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കുവാൻ സാധിക്കും.
കണ്ണൂർ നഗരത്തിലെ ഏറ്റവും കൂടുതൽ വ്യാപാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന കാനത്തൂർ, താളിക്കാവ് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തിനായാണ് മഞ്ചപ്പാലത്ത് മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. പ്ലാന്റിലേക്ക് മലിനജലം എത്തിക്കുന്നതിനായി 12.5 കി.മീ നീളം വരുന്ന വിപുലമായ സ്വീവേജ് നെറ്റ് വർക്ക് സ്ഥാപിച്ചിട്ടുണ്ട്. ഇതോടുകൂടി കണ്ണൂർ നഗരത്തിലെ ഭൂഗർഭജലം മലിനപ്പെടുന്നത് തടയുവാനും പടന്നത്തോടിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുവാനും സാധിക്കും. പ്രദേശത്തുള്ള വീടുകളും ഹോട്ടലുകളും ഉൾപ്പെടെ 1,500 ഗുണഭോക്താക്കൾക്ക് ഇത് പ്രയോജനപ്പെടും. ഇതോടൊപ്പം കാനത്തൂർ, താളിക്കാവ് വാർഡുകളിലെ മുഴുവൻ വീടുകളിലേക്കും സൗജന്യമായി കണക്ഷൻ നൽകുന്നതിനുള്ള പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഒരു വീട്ടിലേക്ക് കണക്ഷൻ നൽകുന്നതിന് പതിനായിരം രൂപയിലധികം ചെലവ് വരും. ഇത് കോർപ്പറേഷൻ വഹിക്കും. തൃശ്ശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റിയാണ് പ്ളാന്റിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഡെപ്യൂട്ടി മേയർ കെ.ഷബീന, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ.രാഗേഷ്, പി.ഷമീമ , എം.പി.രാജേഷ്, അഡ്വ.പി.ഇന്ദിര, ഷാഹിന മൊയ്തീൻ, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, കെ.സുരേഷ്, ടി.രവീന്ദ്രൻ, എൻ.ഉഷ, വി.കെ ഷൈജു, വിവിധ രാഷ്ട്രീയ പ്രതിനിധികൾ ഉദ്യോഗസ്ഥർ പങ്കെടുത്തു.
മഞ്ചപ്പാലം സ്വീവേജ് പ്ളാന്റ് വിശേഷങ്ങൾ
*1എം.എൽ.ഡി (10 ലക്ഷം ലിറ്റർ) ശേഷിയുള്ള ആർ.എം.ബി.ആർ (റൊട്ടേറ്റിംഗ് മീഡിയ ബയോറിയാക്ടർ) സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് സ്വീവേജ് പ്ളാന്റ്
*ശുദ്ധീകരിച്ച വെള്ളം 15000 ലിറ്റർ ശേഷിയുള്ള സംഭരണ ടാങ്കിൽ സൂക്ഷിച്ചുവെക്കാം.
*അല്ലെങ്കിൽ പമ്പിംഗ് സംവിധാനം ഉപയോഗിച്ച് കൃഷിക്കും നിർമ്മാണ പ്രവൃത്തികൾക്കും മറ്റ് ഗാർഹികേതര ആവശ്യങ്ങൾക്കും ഉപയോഗിക്കാം.