ആറളം വില്ലേജിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയാകുന്നു

ഇരിട്ടി: ആറളം വില്ലേജിൽ നടന്നു വന്നിരുന്ന ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തിയാകുന്നു. ജില്ലയിലെ ഏറ്റവും വലിയ വില്ലേജിന്റെ സർവ്വേ നടപടികളാണ് സമയബന്ധിതമായി പൂർത്തിയാകുന്നത്. തികച്ചും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തികരിച്ചിരിക്കുന്നത്. സർവ്വേ നടപടികൾ പൂർത്തിയാകുന്നതോടെ വരും ദിവസങ്ങളിൽ സർവ്വേ സംബന്ധിച്ച് കരട് വിജ്ഞാപനം നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറക്കാനാണ് ഡിജിറ്റൽ സർവ്വേ വിഭാഗം ശ്രമിക്കുന്നത്.
കരട് വിജ്ഞാപനം വരുന്ന തിയതി മുതൽ ഒരു മാസത്തിനുള്ളിൽ രേഖകൾ പരിശോധിച്ച ശേഷം ഉടമകൾക്ക് ക്യാമ്പ് ഓഫീസിൽ നേരിട്ട് പരാതി നൽകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥത്തെത്തി പരാതി പരിഹരിക്കും. പുറമ്പോക്ക് പ്രശ്നം സർക്കാർ പരിഗണനയിൽ ഡിജിറ്റൽ സർവ്വേയിൽ നടപ്പിൽ വരുത്താത്ത 1965-67-ലെെ സർവ്വേ റെക്കഡുകൾ ഉപയോഗിച്ച് പുഴ പുറമ്പോക്ക് അടയാളപ്പെടുത്തിയത് വ്യാപകമായ പരാതിക്ക് കാരണമായിരുന്നു.
വെമ്പുപുഴ ഉൾപ്പെടെ വരുന്ന പുഴ പുറമ്പോക്കിന്റെ തർക്കം സർക്കാർ തലത്തിലുള്ള നയപരമായ തീരുമാനവും കോടതി വിധിയെയും ആശ്രയിച്ചായിരിക്കും. സർവ്വേ പൂർത്തിയാകുന്നതോടെ എന്റെ ഭൂമി പോർട്ടലിലൂടെ ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ എല്ലാം വിരൽത്തുമ്പിൽ ലഭ്യമായി തുടങ്ങും.