കെ-സ്മാര്‍ട്ട് പദ്ധതിക്ക് പുതുവര്‍ഷദിനത്തില്‍ ആരംഭം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാര്‍ട്ട് 2024 ജനുവരി ഒന്നിന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെ സ്മാര്‍ട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒന്നിന് രാവിലെ 10.30ന് കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടക്കും.
ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ ഓഫീസുകളില്‍ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
കേരളത്തിലെ എല്ലാ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തില്‍ കെ-സ്മാര്‍ട്ട് വിന്യസിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി കുറിപ്പില്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ആദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓണ്‍ലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം സ്ഥാപിതമാകുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വര്‍ധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാര്ക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.