ആറളം : മേഖലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതലമുറയ്ക്ക് ആവശ്യമായ തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് പദ്ധതി തയാറാക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി ആറളം മേഖലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. വനിതാ കമ്മിഷന്‍ മെമ്പര്‍മാരായ ഇന്ദിരാ രവീന്ദ്രന്‍, പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ ഉള്‍പ്പെടുന്ന വനിതാ കമ്മിഷന്‍ സംഘമാണ് സന്ദര്‍ശനം നടത്തിയത്.
തൊഴില്‍ ലഭ്യമാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കി നല്‍കി കഴിഞ്ഞാല്‍ ഈ മേഖലയുടെ വികസനം മെച്ചപ്പെടുത്തുന്നതിന് സാധിക്കും. കമ്മിഷന്റെ സന്ദര്‍ശനത്തിലൂടെ കണ്ടെത്തിയിട്ടുള്ള പ്രശ്‌നങ്ങളും അവയുടെ പരിഹാര നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് കൂടുതലാണ്. പെണ്‍കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുന്നതിന് ഹോസ്റ്റല്‍ സൗകര്യമുണ്ടെങ്കിലും വീട്ടുകാര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് മടികാണിക്കുന്നുണ്ട്. ഹോസ്റ്റലുകളില്‍ നിന്ന് കുട്ടികളെ വീടുകളിലേക്ക് കൂട്ടി കൊണ്ടു പോരുന്നതു മൂലം പഠനം തന്നെ മുടങ്ങുന്ന അവസ്ഥയുണ്ട്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇത് കുറഞ്ഞുവരുന്നുണ്ടെങ്കിലും ഒരു പ്രശ്‌നമായി തന്നെ നിലനില്‍ക്കുന്നുണ്ട്.
ഊരുകളിലെ അന്തേവാസികള്‍ക്ക് ത്വക്ക് രോഗങ്ങള്‍ കൂടുതലായുണ്ട്. എന്തുകൊണ്ടാണ് ത്വക്ക് രോഗങ്ങള്‍ ഉണ്ടാകുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. പ്രായമായവരെ പരിചരിക്കുന്നതിനുള്ള സംവിധാനം ആറളം കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ നടക്കുന്നുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും വീടുകളില്‍ ചെന്നും ആവശ്യമായ ചികിത്സ നല്‍കുന്നുണ്ട്. ആറളം ഫാമിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ മികച്ച സൗകര്യങ്ങളാണ് ഉള്ളത്. അസുഖം വന്നാല്‍ ചികിത്സ തേടേണ്ടവരാണെന്ന ബോധ്യം ആറളം മേഖലയിലുള്ളവര്‍ക്ക് ഉണ്ട്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മികച്ച പരിചരണമാണ് ലഭിക്കുന്നത്. ആരോഗ്യമേഖലയില്‍ മെച്ചപ്പെട്ട നിലവാരം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
മദ്യപാനവും പുകയില ഉപയോഗവുമായും ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കുണ്ട്. വ്യാജവാറ്റും വ്യാജമദ്യത്തിന്റെ ലഭ്യതയും ഇല്ലാതാക്കുന്നതിന് എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കണം. സ്ത്രീകള്‍ കൂടുതലായി പുകയിലെ ഉപയോഗിക്കുന്നത് കമ്മിഷന് തന്നെ നേരിട്ട് ബോധ്യമായി. ഗാര്‍ഹിക പീഡനങ്ങളില്‍ പരാതി നല്‍കുമെങ്കിലും പിന്നീട് ഉപദേശിച്ചു വിട്ടാല്‍ മതിയെന്ന് സ്ത്രീകള്‍ തന്നെ പറയുന്ന സ്ഥിതിയുണ്ട്. ഇവിടെ പോക്‌സോ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി പോലീസില്‍ നിന്ന് വിവരം ലഭിച്ചു. കോളനികളിലേക്ക് മറ്റു സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നതായും വിവരമുണ്ട്. ശാരീരിക ബന്ധം, അതിന്റെ നിയമപരമായ അവസ്ഥ എന്നിവയെ കുറിച്ച് ഈ മേഖലയിലെ കൗമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കും നല്ല ബോധവല്‍ക്കരണം നല്‍കേണ്ടത് അനിവാര്യമാണ്.
ആറളത്തെ പട്ടികവര്‍ഗ മേഖലയില്‍ വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ആനയുടെ ഉള്‍പ്പെടെ വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷി നശിച്ചു പോകുന്നത് ജനങ്ങളെ വിഷമിപ്പിക്കുന്നുണ്ട്. കൃഷി സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇവിടെ ഒരുക്കേണ്ടതുണ്ട്. ഏറ്റവും നല്ല രീതിയിലുള്ള വീടുകളാണ് സര്‍ക്കാര്‍ ഇവിടെയുള്ളവര്‍ക്ക് നിര്‍മിച്ചു നല്‍കിയിട്ടുള്ളത്.
വൈദ്യുതിയുണ്ടെങ്കിലും വഴി വിളക്കുകള്‍ പ്രകാശിക്കാത്തത് പ്രശ്‌നമായുണ്ട്. എല്ലാ സംവിധാനവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജീവിതം മെച്ചപ്പെടുത്തുന്നതിന് അവര്‍ തന്നെ തയാറാവേണ്ടതായിട്ടുണ്ട് എന്ന അവബോധം പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുന്നതിന് ബോധവല്‍ക്കരണം നല്‍കണം. ഇവിടെയുള്ള കുട്ടികള്‍ പഠിക്കുന്നതിനുള്ള താല്‍പര്യം നല്ല രീതിയില്‍ പ്രകടിപ്പിച്ചു. ഇതിന് അവരെ സജ്ജമാക്കുന്നതിനുള്ള ബോധവല്‍ക്കരണം മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അതിദരിദ്രരും വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരുമായ ഏഴു പേരുടെ വീടുകള്‍ വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു. ബ്ലോക്ക് ഒന്‍പത് പ്ലോട്ട് 402ലെ പരേതയായ രാഗിണിയുടെ ഭര്‍ത്താവ് ചാത്തുട്ടി, പ്ലോട്ട് 418ലെ ഷീബ ഗിരീഷ്, പ്ലോട്ട് 416ലെ ജാനു കൈമന്‍, പ്ലോട്ട് 531ലെ മകന്‍ തളര്‍ന്നു കിടക്കുന്ന വിധവയായ കമല ഗോപാലന്‍, പ്ലോട്ട് 217ലെ 100 വയസുള്ള വെള്ളച്ചിയമ്മ, ബ്ലോക്ക് പത്തിലെ പ്ലോട്ട് 893ലെ ആനയുടെ ആക്രമണത്തില്‍ ഭര്‍ത്താവിനെ നഷ്ടമായ സുജിത കൃഷ്ണന്‍, പ്ലോട്ട് 718ലെ ആനയുടെ ആക്രമണത്തില്‍ മകനെ നഷ്ടമായ തമ്പായി, ചെറുമകള്‍ രഹന എന്നിവരെ വീടുകളിലെത്തി വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു.
വാര്‍ഡ് ആറിലെ 51-ാം നമ്പര്‍ അംഗന്‍വാടി സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണും മെമ്പര്‍മാരും കുട്ടികളുടെ പഠന സൗകര്യങ്ങള്‍, എല്ലാവരും കൃത്യമായി എത്തുന്നുണ്ടോ, ഭക്ഷണ ലഭ്യത തുടങ്ങിയ വിവരങ്ങള്‍ നേരിട്ടു ചോദിച്ചു മനസിലാക്കി. അധ്യാപിക പി.എസ്. ശിഷിതയും ഹെല്‍പ്പര്‍ എം. മഹിജയും അംഗന്‍വാടിയുടെ സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും വനിതാ കമ്മിഷന് മുന്‍പാകെ വിശദീകരിച്ച് നല്‍കി. കുട്ടികള്‍ മൂന്നു ഗാനങ്ങള്‍ കമ്മിഷനു മുന്‍പാകെ ആലപിച്ചു. എല്ലാവര്‍ക്കും മിഠായി നല്‍കി അംഗന്‍വാടിയുടെ പ്രവര്‍ത്തനം സംബന്ധിച്ച അഭിപ്രായം രജിസ്റ്ററില്‍ രേഖപ്പെടുത്തിയാണ് വനിതാ കമ്മിഷന്‍ മടങ്ങിയത്.