നിടുംപുറംചാലിലെ സ്‌നേഹവീടിന്റെ താക്കോൽ ദാനം ഞായറാഴ്ച

പേരാവൂർ: നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ് നിടുംപുറംചാലിൽ നിർമിച്ചു നൽകുന്ന സ്‌നേഹവീടിന്റെ താക്കോൽ ദാനം ഞായറാഴ്ച നടക്കും. കഴിഞ്ഞ പ്രളയത്തിൽ തകർന്ന ചിറമ്മേൽ അന്നമ്മക്കാണ് പത്തര ലക്ഷം രൂപ ചിലവിട്ട് ട്രസ്റ്റ് പുതിയ വീട് നിർമിച്ചു നൽകുന്നത്. പ്രളയത്തിൽ തകർന്ന അന്നമ്മയുടെ വീട്ടിലേക്കുള്ള റോഡും ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഗതാഗത യോഗ്യമാക്കിയാണ് സ്‌നേഹവീട് നിർമിച്ചത്.
ട്രസ്റ്റിലെ അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുകയും പൊതുജനങ്ങളിൽ നിന്ന് സമ്മാനകൂപ്പൺ വഴി സമാഹരിച്ച തുകയുമുപയോഗിച്ചാണ് സ്‌നേഹവീട് നിർമിച്ചത്. ഉച്ചക്ക് 12ന് നടക്കുന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ഷാജി കൈതക്കൽ അന്നമ്മക്ക് താക്കോൽ കൈമാറും. നിടുംപുറംചാൽ ഇടവക വികാരി ഫാദർ ജോസ് മുണ്ടക്കൽ വീടിന്റെ വെഞ്ചരിപ്പ് നിർവഹിക്കും.
സണ്ണി ജോസഫ് എം.എൽ.എ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, ജനപ്രതിനിധികൾ എന്നിവർ സംബന്ധിക്കും. പത്രസമ്മേളനത്തിൽ ട്രസ്റ്റ് ഭാരവാഹികളായ ഷാജി കൈതക്കൽ, സിബി കണ്ണീറ്റുകണ്ടം, തങ്കച്ചൻ ചെറുവള്ളിയിൽ, ടി.ജെ. ചെറിയാൻ, വി.കെ. വിനേശൻ എന്നിവർ സംസാരിച്ചു.