മണ്ഡലപൂജ കഴിഞ്ഞു, നട അടച്ചു; മകരവിളക്ക് 15ന്
ശബരിമല : മണ്ഡലപൂജയോടെ 41 ദിവസം നീണ്ട തീർഥാടനത്തിന് സമാപനം. ബുധൻ രാവിലെ 10നും 11.30നും മധ്യേയായിരുന്നു മണ്ഡല പൂജ. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെയും മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയുടെയും കാർമികത്വത്തിൽ പഞ്ചപുണ്യാഹം നടത്തി. തുടർന്ന് ഇരുപത്തിയഞ്ച് കലശവും കളഭാഭിഷേകവും നടത്തി. കലശപൂജയ്ക്കും കളഭാഭിഷേകത്തിനും ശേഷം നടയടച്ച് മണ്ഡലപൂജ ആരംഭിച്ചു. തുടർന്ന് നടതുറന്ന് തീർഥാടകർക്ക് ദർശനം നൽകി. പകൽ ഒന്നോടെ അടച്ച നട പകൽ മൂന്നിന് വീണ്ടും തുറന്നു. ദീപാരാധനയ്‌ക്കുശേഷം തങ്കയങ്കി വിഗ്രഹത്തിൽനിന്ന് മാറ്റി. അത്താഴ പൂജയ്‌ക്കുശേഷം രാത്രി 11ന് ഹരിവരാസനം പാടി നടയടച്ചു
മകരവിളക്ക് 15ന്
മകരവിളക്ക് ഉത്സവത്തിന് തുടക്കംകുറിച്ച് 30ന് ശബരിമല നടതുറക്കും. ജനുവരി 15നാണ് മകരവിളക്ക്. മകരസംക്രമ സന്ധ്യയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ പന്തളത്തുനിന്ന് വലിയ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിൽ ശബരിമലയിൽ എത്തിക്കും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്കുശേഷം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കും. ഉത്സവത്തിനുശേഷം ജനുവരി 21ന് നട അടയ്ക്കും. 20ന് രാത്രി വരെയാണ് തീർഥാടകർക്ക് ദർശനം. ജനുവരി 15 മുതൽ 18 വരെ എല്ലാദിവസവും മാളികപ്പുറത്തെ മണിമണ്ഡപത്തിൽനിന്ന് പതിനെട്ടാം പടിയിലേക്ക് ധർമ്മശാസ്താവിന്റെ എഴുന്നള്ളത്ത് നടക്കും. 19ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. 20ന് രാത്രി മാളികപ്പുറത്ത് വലിയഗുരുതി. 21ന് രാവിലെ 6.30ന് രാജ പ്രതിനിധിയുടെ ദർശനം കഴിഞ്ഞ് നട അടയ്ക്കും.