നാടക നടൻ ആലപ്പി ബെന്നി അന്തരിച്ചു

പത്തനാപുരം : മലയാള പ്രൊഫഷണൽ നാടകരംഗത്ത് ഗായകൻ, നടൻ, സംഗീതസംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന ആലപ്പി ബെന്നി (ബെന്നി ഫെർണാണ്ടസ്, 72) അന്തരിച്ചു. പത്തനാപുരം ഗാന്ധിഭവനിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ അന്തേവാസിയായി കഴിഞ്ഞുവരവേ പുനലൂർ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വിവിധ രോഗങ്ങൾ ബാധിച്ച് അവശനിലയിലായ ബെന്നിയെ രണ്ടാഴ്ച മുമ്പാണ് പരിചയക്കാർ ഗാന്ധിഭവനിലെത്തിച്ചത്.
റോബർട്ട് ഫെർണാണ്ടസ്-ജയിൻ ദമ്പതികളുടെ മകനായി ആലപ്പുഴയിലെ പൂങ്കാവിൽ ജനിച്ച ബെന്നി പിതാവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങളും ഹാർമ്മോണിയം വായനയും പരിശീലിച്ചത്. തുടർന്ന് നിരവധി ഗുരുക്കന്മാരുടെ കീഴിൽ സംഗീതമഭ്യസിച്ചു. വി. സാംബശിവന്റെ സംഘത്തിൽ ഹാർമ്മോണിസ്റ്റായി കഥാപ്രസംഗവേദികളിലെത്തിയ ബെന്നി എം.എസ്. ബാബുരാജിന്റെ സഹായിയായി ചലച്ചിത്രരംഗത്തും പ്രവർത്തിച്ചു.
എം.ജി. സോമൻ, ബ്രഹ്‌മാനന്ദൻ തുടങ്ങിയവർക്കൊപ്പം തോപ്പിൽ രാമചന്ദ്രൻപിള്ളയുടെ കായംകുളം കേരള തീയേറ്റേഴ്‌സിലൂടെയാണ് നാടകരംഗത്തെത്തിയത്. പിന്നീട് സെയ്ത്താൻ ജോസഫിന്റെ ആലപ്പി തിയേറ്റേഴ്‌സ്, കായംകുളം പീപ്പിൾ തിയേറ്റേഴ്‌സ്, കൊല്ലം യൂണിവേഴ്‌സൽ തുടങ്ങിയ സമിതികളിലൂടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളവതരിപ്പിച്ചു. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതരാണ് നാടകഗാനരംഗത്തേക്ക് ബെന്നിയെ കൈപിടിച്ചുകയറ്റിയത്.
15 കൊല്ലം മുമ്പ് രോഗബാധിതനായി ഗാന്ധിഭവനിലെത്തിയ ബെന്നി ഒന്നരവർഷത്തോളം അവിടെ അന്തേവാസിയായി കഴിഞ്ഞിരുന്നു. ഈ മാസം 14 ന് ആലപ്പുഴ എം.പി എ.എം. ആരിഫിന്റെ ശുപാർശ കത്തുമായാണ് അവശനിലയിൽ ആലപ്പി ബെന്നിയെ ഗാന്ധിഭവനിലെത്തിക്കുന്നത്. വലതുകാലിന്റെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു. രോഗനില വഷളായതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ.