കോവിഡ് വ്യാപനം: കർണാടകയിൽ മാസ്കും ഐസൊലേഷനും ഉൾപ്പെടെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

Share our post

സംസ്ഥാനത്ത് ജെ.എൻ.1 കോവിഡ് ഉപവകഭേദം വർദ്ധിക്കുന്നതിനിടയിൽ, ‌‌പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക സർക്കാർ. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, രോഗബാധിതരായ വ്യക്തികൾക്കായി ഏഴ് ദിവസത്തെ ഹോം ഐസൊലേഷൻ, രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാതിരിക്കുക തുടങ്ങിയ മുൻകരുതൽ നടപടികളിൽ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു.

ചൊവ്വാഴ്‌ച ചേർന്ന അവലോകന യോഗത്തിലാണ് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പ്രായമായവരോടും രോഗങ്ങളുള്ളവരോടും മുൻകരുതൽ വാക്‌സിൻ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇത് സുഗമമാക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് 30,000 ഡോസ് കോർബെവാക്‌സ് വാക്‌സിൻ വാങ്ങാൻ സർക്കാർ തീരുമാനിച്ചു.

അതേസമയം, പുതുവത്സരാഘോഷങ്ങൾക്കും ഒത്തുചേരലുകൾക്കും സർക്കാർ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തുന്നില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

‘മാർഗ്ഗനിർദ്ദേശങ്ങൾ ഇതാണ്- എല്ലാവരും മാസ്‌ക് ധരിക്കാൻ നിർദ്ദേശിക്കുന്നു, (പ്രത്യേകിച്ച് 60 വയസ്സിന് മുകളിലുള്ളവരും കൊമോർബിഡിറ്റി ഉള്ളവരും നിർബന്ധമായും). ജലദോഷം, പനി തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയയ്‌ക്കരുത്, വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം, ആവശ്യമെങ്കിൽ പരിശോധനയ്ക്കും വിധേയമാക്കണം.’ 

കോവിഡ് ബാധിതരായ വ്യക്തികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതില്ലെങ്കിൽ ഒരാഴ്ച വീട്ടിൽ ഐസൊലേഷനിൽ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. ഹോം ഐസൊലേഷനിൽ കഴിയുന്നവർക്കും സർക്കാർ, സർക്കാരിതര മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഒരാഴ്ച നിർബന്ധിത കാഷ്വൽ ലീവ് നൽകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!