കണ്ണൂരിൽ പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കൊല്ലാൻ ശ്രമം; കഴുത്തിൽ കുരുക്കിട്ട് ക്രൂരമർദനം

Share our post

കണ്ണൂർ: പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ കൊലക്കേസ് പ്രതി ഉൾപ്പെടെ നാലംഗസംഘം അറസ്റ്റിൽ. മൊറാഴ കുഞ്ഞരയാലിൽ അനിൽകുമാർ (51), ചാലാട് മണലിൽ പി. നിധീഷ് (31), പള്ളിയാംമൂലയിലെ കെ. ഷോമി (43) എന്ന ഷോമിത്ത് എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്‌തത്‌. കണ്ടാലറിയാവുന്ന ഒരാളെ പിടികിട്ടാനുണ്ട്. കണ്ണൂർ സിറ്റി മൈതാനപ്പള്ളി സ്വദേശിയാണ് മർദനത്തിനിരയായത്. പെൺ സുഹൃത്തിനെ കണ്ട് തിരിച്ചു വരുന്നതിനിടെ 24-ന് രാത്രി 10.30-നാണ് സംഭവം.

പയ്യാമ്പലം വഴി ബൈക്കിൽ യാത്രചെയ്യുന്നതിനിടെ അനിൽകുമാറിന്റെ നേതൃത്തിലുള്ള സംഘം യുവാവിനെ പിന്തുടർന്നെത്തുകയും ബലമായി സ്കൂട്ടറിൽ കയറ്റി കൊണ്ടുപോകുകയും ചെയ്‌തു. പയ്യാമ്പലത്ത് നിർമാണത്തിലുള്ള കെട്ടിടത്തിനുള്ളിൽ എത്തിച്ചശേഷം കല്ലുകൊണ്ടും ഇഷ്ടികകൊണ്ടും ഇടിക്കുകയും കഴുത്തിൽ കയർകൊണ്ട് കുരുക്കിടുകയും ചെയ്തതായി യുവാവിൻ്റെ പരാതിയിൽ പറയുന്നു. ഇതിനിടയിൽ കൂടെ ബൈക്കിലുണ്ടായിരുന്ന സ്ത്രീ ഭയന്ന് പയ്യാമ്പലം കടലിൽ ചാടാൻ ശ്രമിച്ചു.

പയ്യാമ്പലത്ത് പട്രോളിങ് നടത്തുകയായിരുന്ന പിങ്ക് പോലീസ് സ്ത്രീയെ കരയ്ക്കെത്തിച്ചു. തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഒന്നിച്ചുണ്ടായ യുവാവിനെ നാലംഗസംഘം പിടിച്ചു കൊണ്ടുപോയതായി പോലീസിനോട് പറഞ്ഞത്. പോലീസ് പ്രദേശത്ത് വ്യാപക പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. അക്രമത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു.

പ്രതികളുടെ അയൽവാസിയായ പെൺകുട്ടിയെ രാത്രി കാണാൻ ശ്രമിക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്‌ത വിരോധമാണ് മർദനത്തിന് കാരണമെന്ന് പോലീസിൽ നൽകിയ പരിക്കേറ്റ യുവാവിൻ്റെ മൊഴിയിൽ പറയുന്നു. അനിൽകുമാർ വേറെയും കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

പ്രതികളെ റിമാൻഡ് ചെയ്‌തു. പിങ്ക് പോലീസ് അംഗങ്ങളായ എം. ഗീത, വി. സൗമ്യ, പി.പി. ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പിന്നീട് ടൗൺ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!