അതിരുവിട്ട ‘പ്രാങ്ക്’; കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച രണ്ട് പേർ  അറസ്റ്റിൽ

Share our post

താനൂർ: മദ്രസ വിട്ട് നടന്നു പോകുകയായിരുന്ന ബാലനെ തട്ടിക്കൊണ്ടുപോകുന്നതായി അഭിനയിച്ച യുവാക്കൾ പരിഭ്രാന്തിയുടെ മണിക്കൂറുകൾ സൃഷ്ടിച്ച് പൊല്ലാപ്പ് പിടിച്ചു. കുട്ടിയുടെ കുടുംബം പരാതി നൽകിയതോടെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നൂർ ബീച്ച് – പരപ്പനങ്ങാടി റോഡിലെ ആൽബസാറിൽ ഇന്ന് രാവിലെയാണ് സംഭവം.

മദ്റസ വിട്ട് റോഡരികിലൂടെ രണ്ട് കൂട്ടുകാരോടൊപ്പം നടന്ന് വരികയായിരുന്ന അഞ്ച് വയസുകാരനെ സ്കൂട്ടറിലെത്തിയ രണ്ട് പേർ ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടിയും കൂട്ടുകാരും ബഹളം വെച്ചതോടെ സംഘം സ്കൂട്ടറിൽ രക്ഷപ്പെട്ടു. നിമിഷങ്ങൾക്കകമാണ് തട്ടിക്കൊണ്ടുപോകൽ വാർത്ത നാട്ടിൽ പ്രചരിച്ചത്. പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന വാർത്ത പ്രചരിച്ചതോടെ നാട്ടുകാർ ഏറെ പരിഭ്രാന്തിയിലായി. കുട്ടി നൽകിയ വിവരങ്ങൾ അനുസരിച്ച് രക്ഷിതാക്കൾ താനൂർ പൊലീസിൽ പരാതി നൽകി.

വീടിന്റെ വാരകൾക്കകലെയായിരുന്നു സംഭവം. പ്രദേശത്തെ സി.സി.ടി.വിയിൽ നിന്നു ലഭിച്ച ദൃശ്യങ്ങളാണ് സംഭവത്തിൽ നിർണ്ണായകമായത്. സ്കൂട്ടറിലെത്തിയതും തട്ടിക്കൊണ്ടുപോകൽ അഭിനയിച്ചതും കുട്ടിയുടെ അയൽവാസികൾ കൂടിയായ യുവാക്കളാണെന്ന് പൊലീസ് കണ്ടെത്തി. അതോടെ യുവാക്കളെ കസ്റ്റഡിയിലെടുത്തു.

തട്ടിക്കൊണ്ടുപോകൽ നടത്തിയതല്ലെന്നും കുട്ടിയെ പ്രാങ്കാൻ വേണ്ടി ചെയ്തതാണെന്നുമായിരുന്നു യുവാക്കളുടെ മൊഴി. കുട്ടിയുടെ കുടുംബം പരാതിയിൽ ഉറച്ച് നിന്നതോടെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. യാസീൻ (18), സുൽഫിക്കർ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാജ തട്ടിക്കൊണ്ടുപോകൽ കഥകൾ വ്യാപകമായത് കൂടി കണക്കിലെടുത്താണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് താനൂർ എസ്.ഐ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!