പേരാവൂർ ക്ഷീര സംഘം ക്രമക്കേട്; സംഘം സെക്രട്ടറിയായ ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടി സ്ഥാനത്ത് നിന്ന് നീക്കി

പേരാവൂർ: സാമ്പത്തിക അഴിമതി ആരോപണത്തെത്തുടർന്ന് ക്ഷീര സംഘം സെക്രട്ടറിയായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി. പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറിയും സി.പി.എം പോത്തുകുഴി ബ്രാഞ്ച് സെക്രട്ടറിയുമായ കെ. ശ്രീജിത്തിനെയാണ് ചൊവ്വാഴ്ച ചേർന്ന ബ്രാഞ്ച് യോഗം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയത്.
കഴിഞ്ഞ ദിവസം ചേർന്ന പേരാവൂർ ലോക്കൽ കമ്മിറ്റി യോഗം ക്ഷീര സംഘം ഭരണ സമിതിക്കും സെക്രട്ടറിക്കുമെതിരെയുണ്ടായ അഴിമതി ആരോപണത്തെത്തുടർന്ന് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് ശ്രീജിത്തിനെ മാറ്റാൻ തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച പേരാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എ. രജീഷ് പങ്കെടുത്ത പോത്തുകുഴി ബ്രാഞ്ച് കമ്മിറ്റി യോഗത്തിലാണ് തീരുമാനം നടപ്പിലാക്കിയത്. പേരാവൂർ ലോക്കൽ കമ്മിറ്റിയംഗം പി.വി. ജോയിക്കാണ് പോത്തുകുഴി ബ്രാഞ്ച് സെക്രട്ടറിയുടെ താത്‌കാലിക ചുമതല നൽകിയിരിക്കുന്നത്.
അതേസമയം, ലക്ഷങ്ങളുടെ അഴിമതി ആരോപണം ഉയർന്നിട്ടും ക്ഷീര സംഘം സെക്രട്ടറി സ്ഥാനത്ത് നിന്ന് ശ്രീജിത്തിനെ മാറ്റി നിർത്താൻ സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റി തയ്യാറാവുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. അഴിമതി ആരോപണം നേരിടുന്ന ക്ഷീര സംഘം മുൻ ഭരണ സമിതിക്കെതിരെയും പാർട്ടി നടപടി സ്വീകരിച്ചിട്ടില്ല.