ഗോവയിലേക്കുള്ള സഞ്ചാരികള്‍ വരെ ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നു; ബീച്ച് ടൂറിസം വ്യാപകമാക്കും- റിയാസ്

Share our post

ഗോവയിലേക്ക് പോയിരുന്ന സഞ്ചാരികള്‍ പോലും ഇപ്പോള്‍ കേരളത്തിലേക്ക് വരികയാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തീരദേശ ജില്ലകളില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്ന ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വര്‍ക്കല പാപനാശം ബീച്ചില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിന്റെ കടല്‍ ഭംഗി ആസ്വദിക്കാനുള്ള സാധ്യതകളാണ് ഇവരെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് വര്‍ക്കല. വാട്ടര്‍സ്‌പോര്‍ട്‌സിന് ഇവിടെ വലിയ നിലയിലുള്ള സാധ്യതയുണ്ട്. ആ സാധ്യത ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍ ഇന്ത്യയിലെ പ്രധാന വാട്ടര്‍സ്‌പോര്‍ട്‌സ് കേന്ദ്രമാക്കി വര്‍ക്കലയെ മാറ്റാന്‍ സാധിക്കും. സംസ്ഥാനത്തെ ഏഴാമത്തെ ഫ്‌ളോട്ടിങ് ബ്രിഡ്ജാണ് വര്‍ക്കലയിലേത്. കാസര്‍ഗോഡും കണ്ണൂരും കോഴിക്കോടും മലപ്പുറവും തൃശൂരും എറണാകുളത്തും ഇപ്പോള്‍ തിരുവനന്തപുരത്തും ഫ്‌ളോട്ടിങ് ബ്രിഡ്ജ് വന്നു. ഇനി കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കൂടെ വന്നാല്‍ 9 ഇടങ്ങളിലാവും.

വര്‍ക്കലയില്‍ ഇനിയും ഇതുപോലെയുള്ള വാട്ടര്‍സ്‌പോര്‍ട്‌സ് സാധ്യതകള്‍ ഉപയോഗപ്പെടുത്തും. നിലവില്‍ സര്‍ഫിങ് സ്‌കൂളുകള്‍ ഉള്‍പ്പടെ വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ക്കലയ്ക്കും കേരള ജനതയ്ക്കുമുള്ള ക്രിസ്മസ് സമ്മാനമാണ് ഈ ഫ്‌ളോട്ടിങ് ബ്രിഡ്ജ്. ബീച്ച് ടൂറിസത്തിന്റെ സാധ്യത സംസ്ഥാനം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലെന്നും കടലിനെ ടൂറിസവുമായി കോര്‍ത്തിണക്കി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന വിനോദ, തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ വര്‍ക്കലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റര്‍പ്ലാനിന് രൂപം നല്‍കിയിട്ടുണ്ട്. ഇത് 2024 ല്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. വര്‍ക്കല ബീച്ചിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വി ജോയ് എം.എല്‍.എ പറഞ്ഞു. വര്‍ക്കല ബീച്ചിന്റെ വികസനത്തിന് ഫ്‌ളോട്ടിങ് ബ്രിഡ്ജ് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജാണ് പാപനാശം പ്രധാന തീരത്ത് തയ്യാറായത്. കടലിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം നൂറു മീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. 100 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരുവശത്തും തൂണുകളുമുണ്ടാകും. അവസാന ഭാഗത്ത് കടല്‍ക്കാഴ്ച ആസ്വദിക്കുന്നതിന് 11 മീറ്റര്‍ നീളത്തിലും ഏഴു മീറ്റര്‍ വീതിയിലുമായി പ്ലാറ്റ്‌ഫോമുമുണ്ട്.

700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെന്‍സിറ്റി പോളി എത്തിലീന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മിച്ചത്. സുരക്ഷയ്ക്കായി ലൈഫ് ഗാര്‍ഡുകള്‍, ലൈഫ് ജാക്കറ്റ്, സുരക്ഷാ ബോട്ടുകള്‍ എന്നിവയുണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!