ഇലോണ്‍ മസ്‌കിന്റെ ഗ്രോക്ക് എ.ഐ ഇപ്പോള്‍ ഇന്ത്യയിലും

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ട് അപ്പ് ആയ എക്‌സ് എ.ഐ വികസനിപ്പിച്ച ഗ്രോക്ക് എ.ഐ എന്ന ചാറ്റ്‌ബോട്ട് ഇപ്പോള്‍ ഇന്ത്യയിലും ഉപയോഗിക്കാം. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പ്രീമിയം പ്ലസ് വരിക്കാര്‍ക്കാണ് ഗ്രോക്ക് ഉപയോഗിക്കാനാവുക.
ഫോണില്‍ നിന്ന് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുമ്പോള്‍ 2299 രൂപയാണ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക്. 22900 രൂപയാണ് വാര്‍ഷിക നിരക്ക്. അതായത് ചാറ്റ് ജി.പി.ടി പ്ലസ് സബ്‌സ്‌ക്രിപ്ഷനേക്കാള്‍ ഗ്രോക്കിന് ചിലവ് കൂടുതലാണ്.
എന്നാല്‍ പ്രീമിയം പ്ലസ് വരിക്കാരായ ഡെസ്‌ക്ടോപ്പ് ഉപഭോക്താക്കള്‍ക്ക് പ്രതിമാസ നിരക്ക് 1300 രൂപയും വാര്‍ഷിക നിരക്ക് 13600 രൂപയുമാണ്. ഇപ്പോഴും നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഗ്രോക്ക് എക്‌സിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനില്‍ ഉള്ളവര്‍ക്കാണ് ലഭ്യമാക്കിയിരിക്കുന്നത്.
ഫണ്‍, റെഗുലര്‍ എന്നിങ്ങനെ രണ്ട് മോഡുകളാണ് ഗ്രോക്കിന്റെ ജനറേറ്റീവ് ലാഗ്വേജ് മോഡലിനുള്ളത്. രസകരമായ ഭാഷയിലാണ് ഫണ്‍ മോഡല്‍ പ്രതികരിക്കുക. എന്നാല്‍ റെഗുലര്‍ മോഡ് സാധാരണ ഭാഷയിലും പ്രതികരിക്കും. എക്‌സില്‍ നിന്നുള്ള തത്സമയ വിവരങ്ങള്‍ ശേഖരിക്കാന്‍ ഗ്രോക്കിന് സാധിക്കും എന്നത് അതിനെ മറ്റ് ലാംഗ്വേജ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.
ഇതുവഴി ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ക്കും ട്രെന്‍ഡുകള്‍ക്കും അുസരിച്ചുള്ള കൃത്യമായ മറുപടി നല്‍കാന്‍ ഗ്രോക്കിന് സാധിക്കും. ചാറ്റ് ജിപിടിയുടെ സൗജന്യ വേര്‍ഷന്‍ പ്രവര്‍ത്തിക്കുന്ന ജിപിടി 3.5 മെറ്റയുടെ ലാമ തുടങ്ങിയ ലാംഗ്വേജ് മോഡലുകളേക്കാള്‍ മികവുറ്റതാണ് ഗ്രോക്ക് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.