എടക്കാട് ബീച്ച് റോഡ് തുറന്നു

എടക്കാട്: എടക്കാട്, പാച്ചാക്കര ബീച്ച് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു. ജനങ്ങളുടെ വ്യാപക പ്രതിഷേധത്തെ തുടർന്നാണ് ദിവസങ്ങളായി ഗതാഗതം നിരോധിച്ച ബീച്ച് റോഡ് അധികൃതർ തുറന്നു കൊടുത്തത്. സർവിസ് റോഡിന്റെ പണി ദ്രുതഗതിയിൽ നടന്നുവരികയാണെന്നും നാട്ടുകാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് പ്രവൃത്തിക്ക് തടസ്സമില്ലാത്ത രീതിയിൽ ബീച്ച് റോഡ് താൽക്കാലികമായി തുറന്നുകൊടുത്തതെന്നും അധികൃതർ പറഞ്ഞു.
നിലവിൽ മുഴപ്പിലങ്ങാട് കുളംബസാറിലെയും എഫ്.സി.ഐ ഗോ ഡോണിന് സമീപത്തേയും എടക്കാട് ബസാറിലെയും അടിപ്പാത നിർമാണം പൂർത്തിയാവാത്തതിനാൽ യാത്രക്കാരും നാട്ടുകാരും ഏറെ ദുരിതം അനുഭവിക്കുകയാണ്. അതിനിടെ എടക്കാട് ബീച്ച് റോഡും അടച്ചത് ജനങ്ങളിൽ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. തുടർന്നാണ് ബീച്ച് റോഡ് താൽകാലികമായെങ്കിലും ഗതാഗതത്തിന് വിട്ടുകൊടുക്കാൻ അധികൃതർ തയാറായത്.
എടക്കാട് പെട്രോൾ പമ്പ് മുതൽ എടക്കാട് പൊലീസ് സ്റ്റേഷൻ വരെ പടിഞ്ഞാറ് ഭാഗത്തെ സർവിസ് റോഡാണ് പൂർത്തിയാവാൻ ബാക്കിയുള്ളത്. നിർമാണം പുരോഗമിക്കുകയാണെന്നും ജനുവരി ആദ്യവാരത്തോടെ സർവിസ് റോഡിന്റെ പണി പൂർത്തിയാവുമെന്നും കരാർ കമ്പനി അധികൃതർ പറഞ്ഞു.