ബാർകോഡ് സംവിധാനത്തിലൂടെ അതിവേഗം ബിരുദപരീക്ഷാഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സർവകലാശാല

തേഞ്ഞിപ്പലം: സംസ്ഥാനത്ത് ആദ്യമായി ബാർകോഡ് അധിഷ്ഠിത സംവിധാനത്തിലൂടെ ബിരുദ പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല. അഫിലിയേറ്റഡ് കോളേജുകളിലെ റഗുലർ വിദ്യാർഥികളുടെ അഞ്ചാംസെമസ്റ്റർ ബിരുദ പരീക്ഷാഫലമാണ് 19 പ്രവൃത്തി ദിവസം കൊണ്ട് പുറത്തുവിട്ടത്.
നവംബർ 13 മുതൽ 30 വരെയായിരുന്നു പരീക്ഷ. 5,12,461 ഉത്തരക്കടലാസുകൾ കേന്ദ്രീകൃത മൂല്യനിർണയ സംവിധാനത്തിലൂടെ 150 ക്യാമ്പുകളിലായി ഏഴായിരത്തോളം അധ്യാപകർ മൂല്യനിർണയം നടത്തി. ഡിസംബർ 20-ന് ക്യാമ്പ് അവസാനിച്ചു.വിദൂര വിദ്യാഭ്യാസവിഭാഗം വിദ്യാർഥികളുടെ പരീക്ഷാഫലം 10 ദിവസത്തിനകം പ്രസിദ്ധീകരിക്കും. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഫലം പ്രഖ്യാപിച്ചു.
ഫലപ്രഖ്യാപനം വേഗത്തിലാക്കാൻ പ്രയത്‌നിച്ച അധ്യാപകരെയും ജീവനക്കാരെയും വൈസ് ചാൻസലറും സിൻഡിക്കേറ്റംഗങ്ങളും അഭിനന്ദിച്ചു. കഴിഞ്ഞവർഷമാണ് ബി.എഡ്. പരീക്ഷയിൽ ആദ്യമായി ബാർകോഡ് പരീക്ഷിച്ചത്.
ഫലം പ്രഖ്യാപിച്ച് 10 ദിവസത്തിനകം മാർക്ക് ലിസ്റ്റ് നൽകാനും കഴിഞ്ഞു. പിന്നീട് മറ്റു പ്രൊഫഷണൽ കോഴ്‌സുകൾക്കും പി.ജി. പരീക്ഷകൾക്കും ഇതുപയോഗിച്ചു. ബിരുദ ഫലപ്രഖ്യാപനച്ചടങ്ങിൽ പ്രൊ. വൈസ് ചാൻസലർ ഡോ. എം. നാസർ അധ്യക്ഷതവഹിച്ചു.
രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കൺവീനർ ഡോ. ടി. വസുമതി, മറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദീൻ, അഡ്വ. ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. പി.പി. പ്രദ്യുമ്‌നൻ, ഡോ. റിച്ചാർഡ് സ്‌കറിയ, പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ്, ഫിനാൻസ് ഓഫീസർ എൻ.എ. അബ്ദുൾറഷീദ്, കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ ഡോ. വി.എൽ. ലജീഷ്, ഡെപ്യൂട്ടി രജിസ്ട്രാർ എ.ആർ. റാണി തുടങ്ങിയവർ പങ്കെടുത്തു.