കെ.എസ്.യു. മാർച്ചിലെ ‘മാരകായുധങ്ങൾ’ എവിടെ നിന്ന്?; മുട്ടയുടെയും മുളകുപൊടിയുടെയും ഉറവിടം അന്വേഷിക്കാൻ പോലീസ്

തിരുവനന്തപുരം: ഡി.ജി.പി. ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിലുണ്ടായ ‘മുട്ടയ്ക്കുള്ളിലെ മുളകുപൊടി’ പ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ്. പ്രവര്‍ത്തകര്‍ കൊണ്ടുവന്ന മുട്ടയും മുളകുപൊടിയും എവിടെനിന്ന് വാങ്ങിയെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കാനൊരുങ്ങുന്നത്.
കേസില്‍ അറസ്റ്റിലായ കെ.എസ്.യു. പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങാനായി കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് മുട്ടയുടേയും മുളകുപൊടിയുടേയും ഉറവിടം കണ്ടെത്തണമെന്ന ആവശ്യം പോലീസ് ഉന്നയിക്കുന്നത്.
വ്യാഴാഴ്ചയായിരുന്നു ഡി.ജി.പി. ഓഫീസിലേക്ക് കെ.എസ്.യു. മാര്‍ച്ച്. മുളകുപൊടി നിറച്ച മുട്ടയും ഗോലിയുമായായിരുന്നു കെ.എസ്.യു. പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനെത്തിയത്. ഈ നീക്കം പോലീസ് നേരത്തെ അറിഞ്ഞിരുന്നുവെന്നാണ് വിവരം.
പ്രയോഗം തുടങ്ങുന്ന വേളയില്‍ തന്നെ പോലീസ് പ്രവര്‍ത്തകരെ കീഴ്‌പ്പെടുത്തുകയും മുട്ടയും ഗോലിയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പോലീസ് ലാത്തിച്ചാര്‍ജില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. 17 പേരെയാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.