പ്ലസ്ടു പരീക്ഷയിൽ വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റിച്ചു; അധ്യാപികയ്ക്ക് 3000 രൂപ പിഴ

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷയിൽ വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതിയതിന് ഇൻവിജിലേറ്ററായ അധ്യാപികയ്ക്ക് പിഴ. ആലപ്പുഴയിലെ ഹയർ സെക്കൻഡറി അധ്യാപികയ്ക്കാണ് 3000 രൂപ വിധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഉത്തരവിറക്കിയത്.പരിശോധിച്ച് ഉറപ്പുവരുത്തുന്നതിൽ ഇൻവിജിലേറ്റർ വീഴ്ചവരുത്തിയെന്നാണ് കുറ്റാരോപണം.
മനഃപൂർവം തെറ്റുവരുത്തിയിട്ടില്ലെന്ന് അധ്യാപിക വിശദീകരിച്ചെങ്കിലും ഗുരുതര വീഴ്ചയാണെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ.കഴിഞ്ഞവർഷം ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംഗ്ലീഷ് പരീക്ഷയിലാണ് വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റായി എഴുതിയത്.
വീഴ്ച വിദ്യാർഥിയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസമുണ്ടാക്കിയെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ.നിസ്സാരവീഴ്ചകളുടെ പേരിൽപോലും അധ്യാപകരിൽനിന്നും ആയിരക്കണക്കിന് രൂപ പിഴയീടാക്കി സാമ്പത്തികപ്രതിസന്ധി നേരിടുന്ന സർക്കാരിനെ സഹായിക്കാൻ ഉദ്യോഗസ്ഥർ രാജഭക്തി കാണിക്കുകയാണെന്ന് എ.എച്ച്.എസ്.ടി.എ. ജനറൽ സെക്രട്ടറി എസ്. മനോജ് ആരോപിച്ചു.