ഒന്നിച്ചിരുന്ന് പാട്ട് കേട്ട് ചാറ്റ് ചെയ്യാം; ആപ്പിള്‍ ഷെയര്‍ പ്ലേ ഫീച്ചര്‍ പകര്‍ത്താന്‍ വാട്‌സാപ്പ്

Share our post

പ്രിയപ്പെട്ടവരുമൊത്ത് ഒന്നിച്ചിരുന്ന് പാട്ടുകള്‍ കേള്‍ക്കാന്‍ ഒരു രസമാണ്. ഓണ്‍ലൈന്‍ വഴി അതിരുകളില്ലാത്ത സൗഹൃദം പങ്കിടുന്ന ഇക്കാലത്ത്, ഒന്നിച്ചിരുന്ന് പാട്ട് കേള്‍ക്കാനും സംസാരിച്ചിരിക്കാനും അവസരമൊരുക്കുന്ന പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സാപ്പ്. ആപ്പിളിന്റെ ഷെയര്‍ പ്ലേ ഫീച്ചറിന് സമാനമാണിത്.

പാട്ടുകള്‍ സുഹൃത്തുക്കളുമായി ഒന്നിച്ചിരുന്ന് കേള്‍ക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നുണ്ടെന്നാണ് ഓണ്‍ലൈന്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോ നല്‍കുന്ന വിവരം. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ 2.23.26.18 വേര്‍ഷനിലാണ് ഈ സംവിധാനമുള്ളത്. എന്നാല്‍ ഇത് ബീറ്റാ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിത്തുടങ്ങിയിട്ടില്ല.

ഫേസ്‌ടൈം കോളിനിടയില്‍ പാട്ടുകള്‍ ഒന്നിച്ചിരുന്ന് കേള്‍ക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് ആപ്പിളിന്റെ ഷെയര്‍ പ്ലേ. ഇതിന് സമാനമായി വീഡിയോ കോളിനിടെ പാട്ടുകള്‍ ഒന്നിച്ചിരുന്ന് കേള്‍ക്കാനുള്ള സൗകര്യമാണ് വാട്‌സാപ്പ് ഒരുക്കുന്നത്. സ്‌ക്രീന്‍ ഷെയറിങ് ഓപ്ഷന്‍ വഴിയാണ് ഇത് പ്രവര്‍ത്തിക്കുക.

പലവിധ ആവശ്യങ്ങള്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താനാവും. വിനോദത്തിനും, ജോലിയുടെ ഭാഗമായും മറ്റും ഒരു ഓഡിയോ ഫയല്‍ ഒന്നിച്ചിരുന്ന് കേള്‍ക്കണമെങ്കില്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താനാവും. ഗ്രൂപ്പ് കോളിനിടെ ആര്‍ക്കും ശബ്ദം മറ്റുള്ളവരുമായി പങ്കുവെക്കാം.

വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷന് വേണ്ടി ഈ ഫീച്ചര്‍ നേരത്തെ തന്നെ നിര്‍മാണം തുടങ്ങിയിരുന്നു. ഇപ്പോള്‍ ആന്‍ഡ്രോയിഡിലും പരീക്ഷിച്ചു തുടങ്ങി. ഈ ഫീച്ചര്‍ എന്ന് അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. ബീറ്റാ ടെസ്റ്റര്‍മാര്‍ക്കിടയില്‍ താമസിയാതെ തന്നെ ഈ സൗകര്യം എത്തിയേക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!